‘കാഴ്‌ചയില്ലാത്ത ആളായിരിക്കണം എന്റെ വരൻ' , ജീവിതത്തിന്റെ ഇരട്ടിമധുരവുമായി നിർമല

Mail This Article
ഇനിയെന്തെങ്കിലും വേണോ’– ഈ ചോദ്യം മലപ്പുറം വണ്ടൂർ സ്വദേശിനി നിർമലയുടെ ടാഗ്‌ലൈൻ ആയിട്ട് 6 വർഷമായി. ഒരു വറ്റു ചോറുപോലുമില്ലാതിരുന്ന സ്വന്തം അടുക്കളയിൽനിന്ന് ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന ഹോട്ടൽ വ്യാപാരത്തിലേക്കു വളർന്നിരിക്കുന്നു നിർമലയുടെ അടുക്കള.
കൊടുംപട്ടിണിയിലായിരുന്നു നിർമലയുടെ ജീവിതം. എട്ടാം ക്ലാസിൽ പഠനം നിർത്തി. വിവാഹാലോചന നടക്കുന്നതിനിടെയാണ് അടുത്ത വീട്ടിലെ കാഴ്‌ചയില്ലാത്തയാളുടെ വിവാഹത്തിൽ നിർമല പങ്കെടുക്കാൻ പോയത്. വിവാഹം കൂടി തിരികെയെത്തിയ നിർമല വീട്ടുകാർക്കു മുൻപിൽ ഒരു നിബന്ധന വച്ചു, ‘കാഴ്‌ചയില്ലാത്ത ആളായിരിക്കണം എന്റെ വരൻ’.
വീട്ടുകാരുടെ എതിർപ്പുകൾക്കൊന്നും ഫലമുണ്ടായില്ല, അവസാനം സഹോദരൻതന്നെ ആളെ കണ്ടെത്തി. അങ്ങനെ 27ാം വയസ്സിൽ വണ്ടൂർ പൂക്കുളം സ്വദേശി കുട്ടിയപ്പുവിന്റെ ഇരുൾ നിറഞ്ഞ ജീവിതത്തിലേക്കു നിറവിളക്കുമായി നിർമല വലതുകാൽ വച്ചുകയറി. കുട്ടിയപ്പുവിന്റെ സഹോദരിക്കും കാഴ്‌ചയില്ലായിരുന്നു. ഇളയ സഹോദരൻ പണിക്കുപോയിക്കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.
കുഞ്ഞുങ്ങൾക്കു ഭക്ഷണം കൊടുക്കാൻ പോലും നിവൃത്തിയില്ലാതെ വന്നതോടെ നിർമല വീട്ടിലിരുന്ന് ബീഡി തെറുത്തു കൊടുക്കാൻ തുടങ്ങി. 2001ൽ കുടുംബശ്രീയിൽ ചേർന്നു. അയൽക്കൂട്ടത്തിൽനിന്ന് കിട്ടിയ 275 രൂപ വായ്‌പകൊണ്ട് നിർമല അച്ചാർ വിൽപന തുടങ്ങി. 500 രൂപയായിരുന്നു ആദ്യ വരുമാനം. അതിൽനിന്നു വായ്‌പ തിരിച്ചടച്ചു. പിന്നീട് ജില്ലാ മിഷന്റെ പരിപാടിയിൽ 400 പേർക്ക് ഭക്ഷണം തയാറാക്കി. 6 വർഷം മുൻപാണ് കുടുംബശ്രീ ഹോട്ടൽ തുടങ്ങുന്നത്. ഹോട്ടലിൽ ജോലിക്കു നിൽക്കുന്ന സ്‌ത്രീകൾ എല്ലാവരും വിധവകളോ സഹായിക്കാൻ ആരുമില്ലാത്തവരോ ആണ്. ഇവരിൽ ഒരാൾക്കു വീടു വച്ചു നൽകിയത് നിർമലയാണ്. 12 കുടുംബങ്ങൾക്ക് എല്ലാ മാസവും പലചരക്കു സാധനങ്ങൾ നൽകുന്നു, 20 വീട്ടമ്മമാർക്കു തയ്യൽ മെഷീൻ നൽകി. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത ആർക്കും നിർമലയുടെ ഹോട്ടലിൽ ഭക്ഷണം സൗജന്യമാണ്. ഊണിന് 40 രൂപയാണെങ്കിലും വിദ്യാർഥികളിൽനിന്ന് 25 രൂപയേ വാങ്ങൂ.
ഞായർ ഒഴികെ എല്ലാ ദിവസവും പുലർച്ചെ 5 മുതൽ വൈകിട്ട് 6.45 വരെയാണു ഹോട്ടലിന്റെ പ്രവർത്തനം. സഹായത്തിനായി കുടുംബശ്രീ പ്രവർത്തകരായ ഖദീജയും പുഷ്‌പലതയും ഒപ്പമുണ്ട്. കഷ്‌ടപ്പാടുകളും ദുരിതവും ജീവിതത്തിന് ഇരട്ടി സ്വാദ് നൽകുന്നമെന്ന് നിർമല പറയുന്നു