അമ്മയാണ് ജീവൻ; സ്നേഹസരസ്സാണ് അമ്മ

Mail This Article
കൊച്ചി മുളന്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചുവരുകൾക്കുപോലും സരസമ്മയെ അറിയാം. ആശുപത്രിയുടെ ഇടനാഴികളിലൂടെ പാതി കൂനിയുള്ള ഈ അമ്മയുടെ നടപ്പു തുടങ്ങിയിട്ടു വർഷം എട്ടായി.
വാർധക്യത്തിന്റെ പ്രശ്നങ്ങൾ ഈ എൺപത്തിരണ്ടുകാരിയെ തളർത്തുന്നുണ്ട്. എങ്കിലും ഈ അമ്മയ്ക്കറിയാം, താൻ തോറ്റുപോയാൽ മകൻ അനാഥനാകുമെന്ന്.
വർഷങ്ങൾക്കു മുൻപ് കെട്ടിടത്തിന്റെ മുകളിൽ നിന്നു കാലുതെറ്റി വീഴുമ്പോൾ ശിവരാമന് വയസ്സ് 45. പിന്നീടിന്നുവരെ കിടക്കയിൽ. അന്നുമുതൽ ശിവരാമന്റെ കൈയും കാലും അമ്മയാണ്.
ജീവിതത്തിന്റെ ഭാരം കൂടുന്നതനുസരിച്ച് ഓരോ വർഷവും അമ്മ കൂടുതൽ വളഞ്ഞുപോകുന്നുണ്ട്. തലചായ്ക്കാൻ സ്വന്തമായി വീടുപോലും ഇല്ലാത്ത ഈ അമ്മയ്ക്കും മകനും 8 വർഷമായി ഈ ആശുപത്രിയാണു വീട്.കാരിക്കോട് ദേവീകൃപയിൽ പരേതനായ നാരായണ പണിക്കരുടെ ഭാര്യയാണ് സരസമ്മ.
ചേട്ടന്റെ വീടിന്റെ ടെറസ്സിലെ പണി നോക്കാൻ കയറിയതാണ് ശിവരാമൻ. അമ്മയാണ് ജീവനെന്നു പറയുമ്പോൾ ശിവരാമന്റെ കണ്ണുകൾ നിറഞ്ഞു.