ADVERTISEMENT

അതിജീവനം കൊണ്ടു കരുത്തരാകുന്നവരാണ് പൊതുവെ സ്ത്രീകൾ. പലപ്പോഴും പുരുഷനെക്കാൾ കൂടുതൽ സ്ത്രീകള്‍ക്ക് തങ്ങളുടെ ലക്ഷ്യങ്ങളിലെത്താൻ കുടുതൽ പ്രയത്നിക്കേണ്ടി വരും. അങ്ങനെ തനിക്കുണ്ടായ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ജീവിത വിജയം നേടിയ സ്ത്രീയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രാജസ്ഥാനിൽ നിന്നുള്ള പൊലീസ് ഓഫിസറായ സ്ത്രീയാണ് സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. ഇന്നും നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ദുരാചാരങ്ങളുടെ ഇരകൂടിയാണ് അവർ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. 

പൊലീസ് ഉദ്യോഗസ്ഥയായ സ്ത്രീ പറയുന്നത് ഇങ്ങനെ: ‘എനിക്ക് മൂന്ന് വയസുള്ളപ്പോൾ അടുത്ത ഗ്രാമത്തിലെ ആൺകുട്ടിയുമായി എന്റെ വിവാഹം നടന്നു. ഞങ്ങളുടെ പ്രദേശത്ത് ശൈശവ വിവാഹം സർവസാധാരണമായിരുന്നു. 18 വയസ്സായപ്പോൾ എന്നെ ഭർതൃഗൃഹത്തിലേക്ക് അയച്ചു, വിവാഹത്തെ കുറിച്ച് കാര്യമായി അറിവൊന്നും ഇല്ലാതിരുന്ന കാലത്ത് എന്റെ ഏക ആഗ്രഹം പഠനം മാത്രമായിരുന്നു.’– അവർ പറയുന്നു. 

തനിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് ഗ്രാമത്തിൽ ആദ്യത്തെ സ്കൂൾ വരുന്നതെന്നും അവർ വ്യക്തമാക്കി. ‘എനിക്ക് സ്കൂളിൽ പോകണമെന്നും ഉദ്യോഗസ്ഥയാകണമെന്നുമാണ് എന്റെ പിതാവിനോട് ഞാൻ ആവശ്യപ്പെട്ടത്. അദ്ദേഹം എന്റെ ആഗ്രഹത്തിന് ഒപ്പം നിന്നു. വൈദ്യുതിയില്ലാത്തതിനാല്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു പഠനം. സ്കൂളിൽ നിന്ന് വീട്ടിലെത്തിയാൽ ധാരാളം പണികൾ ചെയ്യാനുണ്ടാകും. എന്നാലും സ്കൂളിൽ പലപ്പോഴും ഒന്നാംസ്ഥാനത്ത് ഞാൻ തന്നെയായിരുന്നു. അഞ്ചാം ക്ലാസിനു ശേഷം അടുത്ത ഗ്രാമത്തിലെ സ്കൂളിലായി പഠനം. ദിവസവും ആറ് കിലോമീറ്റർ നടന്നാണ് ഇവിടെ എത്തിയിരുന്നത്. അയൽക്കാരെല്ലാം എന്നെ പരിഹസിച്ചു. ഇത്രയും പഠിച്ചിട്ട് നീ എന്ത് നേടാനാണ്. ഭർതൃവീട്ടുകാർക്ക് ഇതൊന്നും ഇഷ്ടമാകില്ലെന്നായിരുന്നു അവർ പറഞ്ഞത്.

ഇത്തരത്തിലുള്ള പരിഹാസങ്ങൾക്കിടയിലും ഉയർന്ന മാർക്കോടെ ഞാൻ പത്താംക്ലാസ് പരീക്ഷ പാസായി. കൂടുതൽ പഠിക്കണമെന്ന ആഗ്രഹത്തോടെ പട്ടണത്തിലേക്ക് താമസം  മാറ്റുകയും  ചെയ്തു. കുറച്ചു മാസങ്ങൾക്കു ശേഷം എനിക്കു ശക്തമായ വയറുവേദന അനുഭവപ്പെട്ടു. പരിശോധനയിൽ ഓവേറിയൻ ക്യാൻസറിന്റെ രണ്ടാം ഘട്ടത്തിലാണെന്നു  മനസ്സിലായി. കഷ്ടതകൾക്കൊടുവിൽ ഞാൻ എന്റെ സ്വപ്നത്തിലെ ജീവിതം എത്തിപ്പിടിച്ചപ്പോഴേക്കും എല്ലാം തകർന്നു പോകുകയാണല്ലോ എന്ന ചിന്ത എന്നെ തളർത്തി. 

ആറുമാസം ദുരിതങ്ങളുടെ കാലമായിരുന്നു. ആറ് മാസം കഴിഞ്ഞപ്പോഴേക്കും എന്റെ ഭംഗിയുള്ള നീണ്ട മുടി പൂർണമായും കൊഴിഞ്ഞു. ശരീരഭാരം 35 കിലോയായി കുറഞ്ഞു. ആറുമാസം കൊണ്ട് 4 ലക്ഷം രൂപ ചികിത്സയ്ക്കായി ചിലവഴിച്ചു. ഒരു പെൺകുട്ടിക്കു വേണ്ടി ഇത്രയും പണം ചിലവഴിക്കുന്നതെന്തിനാണെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. എല്ലാവരും എന്നെ ഒരു ശാപമായി കാണാൻ തുടങ്ങിയതോടെ ഞാൻ വീടിന്റെ നാലു ചുവരുകളിലേക്ക് ഒതുങ്ങി. ജോലിക്ക് തിരിച്ചെത്തിയപ്പോൾ യൂണിഫോമിനൊപ്പം ഞാനൊരു തൊപ്പി കൂടി ധരിച്ചു. ശരിക്കും ഞാൻ തകർന്നു പോയിരുന്നു. അവിടെ നിന്നാണ് ഞാൻ ഒരു സംഗീത അധ്യാപകനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ക്ലാസില്‍ ചേരാൻ തീരുമാനിക്കുകയും ചെയ്തു. ഒഴിവു സമയങ്ങളിൽ ഞാൻ ‍ഹാർമോണിയം വായിക്കാൻ പഠിച്ചു. മനസിലെ നിരാശ കുറയ്ക്കാൻ ഇത് എന്നെ വളരെയേറെ സഹായിച്ചു. 

ഏതാനും മാസങ്ങൾക്കു ശേഷം ഞാനും ഭർത്താവും ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. ഈ സമയത്ത് ഞാൻ അദ്ദേഹത്തോട് എന്നെ പറ്റിയുളള എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ഓവേറിയൻ ക്യാൻസറുണ്ടായാൽ കുട്ടികളുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും നമ്മൾ ഒന്നിച്ചു ജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് വലിയ പിന്തുണയായിരുന്നു. തുടർന്ന് എന്റെ ബാക്കിയുള്ള ജീവിതം സമൂഹത്തിനു നല്ലകാര്യങ്ങൾ ചെയ്യാൻ മാറ്റി വയ്ക്കാമെന്ന് ഞാൻ തീരുമാനിച്ചു. ജോലിയുടെ ഭാഗമായി ഞാൻ സ്കൂളുകളിൽ പോകാറുണ്ട്. കുട്ടികൾക്ക് ധാരാളം ക്ലാസുകൾ നൽകാറുണ്ട്. ലൈംഗിക ചൂഷണത്തെ പറ്റിയും റോഡ് സുരക്ഷയെ കുറിച്ചുമെല്ലാം ഞാൻ അവരെ പഠിപ്പിക്കും. പൊലീസ് ദീദി എന്നാണ് അവർ എന്നെ വിളിക്കുന്നത്. മൂന്നുവർഷത്തിനിടെ 1000ൽ അധികം കുട്ടികളെ പഠിപ്പിച്ചു. അതിന് പൊലീസിൽ നിന്ന് അംഗീകാരവും ലഭിച്ചു. 

ഇരുപത്തഞ്ചിൽ അധികം ആൽബങ്ങൾ ചെയ്തു. എന്റെ മുടി പഴയപോലെ മനോഹരമായി വളർന്നു. ഇടയ്ക്കൊക്കെ മുടിയില്ലാത്ത ആ ചിത്രങ്ങൾ ഞാനെടുത്തു നോക്കും. എത്രദൂരം താണ്ടിയാണ് ഇവിടെ എത്തിയതെന്ന് ചിന്തിക്കും. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന ഓർമപ്പെടുത്തലാണ് അതെനിക്ക് നൽകുന്നത്. ’– അവർ പറയുന്നു. 

English Summary: Inspiring Story Of A Police Woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com