ഈ നാളുകാർ സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കണം , കാരണം

Mail This Article
സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ഈ വര്‍ഷം സ്കന്ദഷഷ്ഠി നവംബർ 20 വെള്ളിയാഴ്ചയാണ് വരുന്നത്.
ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ചൊവ്വാ പ്രീതിലഭിക്കാൻ ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയെ ഭജിച്ചു കൊണ്ട് ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതാണ് ഏറ്റവും ഉത്തമമാർഗ്ഗം. എല്ലാ മാസത്തിലെയും ഷഷ്‌ഠിനാളില്‍ വ്രതം അനുഷ്‌ഠിക്കുന്നത് ഉത്തമം. സ്കന്ദഷഷ്ഠിയാണ് ഇതിൽ ഏറ്റവും പ്രധാനം. മാസംതോറുമുള്ള ഷഷ്ഠി വ്രതാചരണം തുടങ്ങേണ്ടത് സ്കന്ദഷഷ്ഠി മുതലാണെന്നു പറയപ്പെടുന്നു. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും സുബ്രമണ്യ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്. അശ്വതി, കാര്‍ത്തിക, പൂയം, മകം, ഉത്രം, അനിഴം, ഉത്രാടം, മൂലം, ഉത്തൃട്ടാതി എന്നീ നക്ഷത്രജാതർ അവരുടെ ചൊവ്വാദശാകാലത്ത് വ്രതം അനുഷ്ഠിക്കുന്നത് ദോഷകാഠിന്യം കുറയ്ക്കും.
ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്കന്ദഷഷ്ഠി വ്രതം. സ്കന്ദഷഷ്ഠിവ്രതം ഭക്തിയോടെ അനുഷ്ഠിച്ചാൽ ഭര്‍തൃ–സന്താന ദുഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ഠകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. തലേന്ന് ഒരിക്കലോടെ ഷഷ്ഠിദിനത്തിൽ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. രാവിലെയും വൈകിട്ടും സുബ്രമണ്യനാമ ഭജനം, ഒരിക്കലൂണ് എന്നിവ അഭികാമ്യം. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്.
സ്കന്ദ ഷഷ്ഠിദിനത്തിൽ രാവിലെ കുറഞ്ഞത് 10 തവണയെങ്കിലും സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാൽ ചൊവ്വയുടെ ദോഷഫലങ്ങൾ നീങ്ങും എന്നാണ് വിശ്വാസം.
'സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്'
സുബ്രഹ്മണ്യ മന്ത്രം
ഷഷ്ഠി ദിനത്തിൽ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ 108 തവണ ജപിക്കണം. മുരുകനെ പ്രാർഥിക്കുമ്പോൾ ' ഓം ശരവണ ഭവ: ' എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്.
സുബ്രമണ്യസ്തുതി
ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രമണ്യ ദേവം ശരണം പ്രബദ്യേ
ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീ തനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
സ്കന്ദായ കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രമണ്യയായ തേ നമ
English Summary : Significance of Skanda Shasti Vratham