ഹർഷാനുരാഗിയായി ഭഗവാൻ; ഹന്ത ഭാഗ്യം ജനാനാം
Mail This Article
എത്രയോ ശ്രീകൃഷ്ണക്ഷേത്രങ്ങൾക്കു മുന്നിലൂടെയാണ് ഓരോ ദിവസവും പതിനായിരങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നത്. അവിടെയൊന്നും ഇറങ്ങാതെ അവരെല്ലാം ഗുരുവായൂരിനെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ടാകാം? സ്ഥലം, ബിംബം, പ്രതിഷ്ഠ എന്നിവയുടെ മാഹാത്മ്യം കാരണമാകാം. ഭൂലോകവൈകുണ്ഠമാണു ഗുരുവായൂർ എന്ന നാരായണീയ കർത്താവ് മേൽപുത്തൂർ നാരായണ ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ള കവികളെല്ലാം പറയുന്നു. വൈകുണ്ഠം എന്നാൽ വൈഷ്ണവ സ്വർഗം.
ഐതിഹ്യം പറയുന്നതിങ്ങനെ: രുദ്രനും (ശിവൻ) പ്രചേതസ്സുകളും തപസ്സു ചെയ്ത സ്ഥലം. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന പാതാളാഞ്ജന ശിലയിലുള്ള വിഷ്ണു വിഗ്രഹം. പ്രതിഷ്ഠിച്ചതോ, ദേവഗുരുവായ ബൃഹസ്പതിയും വായുഭഗവാനും ചേർന്ന് ഗുരുവും വായുവും ചേർന്നു പ്രതിഷ്ഠിച്ച സ്ഥലം ഗുരുവായൂരായി.
ഭക്തരുടെ മനസ്സിൽ ഹർഷാനുരാഗിയായി കണ്ണൻ പുനർജനിച്ചു. നിഷ്കളങ്കമായ കൈശോരഭാവത്തെ അവർ വാരിപ്പുണർന്നു. മുളന്തണ്ടിന്റെ സംഗീതമധുരിമ, മയിൽപീലിത്തുണ്ടിന്റെ വശ്യമനോഹാരിത. കുന്നിക്കുരുവിന്റെ ദിവ്യസൗന്ദര്യം, പൈക്കിടാവിന്റെ ഓമനത്തം, വനമാലയുടെ വന്യചാരുത, മന്ദഹാസത്തിന്റെ മഹാശക്തി. ആ പാൽപുഞ്ചിരിയിൽ ദുഃഖങ്ങൾ ഇല്ലാതായി. ഭഗവാൻ അനുഗ്രഹം ചൊരിഞ്ഞു, ഭക്തർ പാടിപ്പുകഴ്ത്തി. ഭക്തരും ഭഗവാനും ചേർന്നൊരു പ്രേമവായ്പിൽ ഗുരുവായൂർ പ്രശസ്തമായി. കൃഷ്ണാ.... എന്ന വിളിക്കൊപ്പം ഗുരുവായൂരപ്പാ.... എന്ന് അറിയാതെ ചേർന്നു നിന്നു.
പ്രേമസ്വരൂപൻ
മേൽപുത്തൂർ നാരായണീയത്തിലൂടെ തുടങ്ങി വച്ചു. പൂന്താനം ജ്ഞാനപ്പാനയിലൂടെ കൃഷ്ണപ്രേമം ജനമനസ്സിലുറപ്പിച്ചു. മാനവേദനു വീണു കിട്ടിയ മയിൽപീലിയിലൂടെ കൃഷ്ണനാട്ടം പിറന്നു. വില്വമംഗലം കഥകളിലൂടെ കണ്ണൻ അദ്ഭുതമായി നിറഞ്ഞു. കുസൃതി കൂടിയ കുരുന്നിനെ സ്നേഹിച്ചും ശിക്ഷിച്ചും മാതൃവാത്സല്യം കുറൂരമ്മയായി. മഞ്ജുളയുടെ വ്യസനമാല കണ്ണന്റെ കഴുത്തിലെ വനമാലയായി.
കഥകൾ, കവിതകള്‍, ശ്ലോകങ്ങൾ, പാട്ടുകൾ, നൃത്തങ്ങൾ, സിനിമകൾ, സീരിയലുകൾ, ആൽബങ്ങൾ, സംഗീത കസെറ്റുകൾ, സിഡികൾ എല്ലാറ്റിലും ഗുരുവായൂർക്കണ്ണൻ നിറഞ്ഞാടി. ഭാഗവതസപ്താഹ ആചാര്യന്മാർ ഭാഗവതത്തിലെ കൃഷ്ണനെ ഗുരുവായൂരപ്പനായി അവതരിപ്പിച്ചു.
ഭർത്താവായി, കാമുകനായി, രക്ഷിതാവായി, ഉണ്ണിക്കണ്ണനായി, കളിക്കൂട്ടുകാരനായി ഭക്തർക്ക് ഒരു ഈശ്വരനെ ലഭിച്ചു. ആരെയും ദ്രോഹിക്കാത്ത, എല്ലാവരെയും ചേർത്തു നിർത്തുന്ന, കരുതലും കാരുണ്യവുമായ പ്രേമസ്വരൂപനായി, കണ്ണൻ. എല്ലാം മറന്നു, ഭക്തർ ഗുരുവായൂരിലേക്ക് ഓടിയെത്തി. മണിക്കൂറുകൾ ക്യൂ നിൽക്കും. പരിഭവവും പരാതിയുമായി. സ്വർണ ശ്രീലകത്തിനു മുന്നിലെത്തിയാൽ ഒന്നോ രണ്ടോ നിമിഷം. കൺനിറയെ കാണും. പിന്നെ കണ്ണടച്ചു മനസ്സിൽ പ്രതിഷ്ഠിക്കും. കാത്തു നിന്ന കഷ്ടപ്പാടു മറക്കും. അടുത്ത ഗുരുവായൂർ യാത്രയുടെ തീയതി നിശ്ചയിക്കും. അതുവരെയുള്ള ഊർജം നിറച്ചു നടന്നു നീങ്ങും. ഗുരുവായൂരിൽ ഓരോ നിമിഷവും തിരക്കേറാൻ കാരണം ഭക്തനും ഭഗവാനും തമ്മിലുള്ള ഈ അനുരാഗമല്ലാതെ മറ്റൊന്നുമില്ല.
പിറന്നാൾ ആഘോഷം
കംസന്റെ കാരാഗൃഹത്തിലാണു കണ്ണൻ ജനിച്ചത്. അഷ്ടമിരോഹിണി കണ്ണനു പിറന്നാളാണ്. പതിനായിരങ്ങൾ ഗുരുവായൂരിലെത്തും. ക്ഷേത്രത്തിൽ ഉച്ചയ്ക്കു പാൽപായസവും രാത്രി അപ്പവുമാണു പ്രധാന വഴിപാട്. നാലമ്പലത്തിൽ തിടപ്പള്ളിയിലും വാതിൽമാടത്തിലുമായി അപ്പക്കാരകളിൽ നെയ് നിറച്ചു രാവിലെ മുതൽ കീഴ്ശാന്തിക്കാർ അപ്പം തയാറാക്കും. തെങ്ങിന്റെ കൊതുമ്പാണു വിറക്. നാൽപതിനായിരത്തിലേറെ അപ്പം തയാറാക്കിയെടുക്കും. രാത്രി അത്താഴപൂജയ്ക്കു നിവേദിക്കും. ക്ഷേത്രപരിസരമാകെ നറുനെയ് സുഗന്ധത്തിലാകും.
മൂന്നു നേരം എഴുന്നള്ളിപ്പ്
മൂന്നാനകളോടെ മൂന്നു നേരം എഴുന്നള്ളിപ്പുണ്ട്. കാലത്ത് മേളത്തോടെ, ഉച്ചകഴിഞ്ഞ് പഞ്ചവാദ്യത്തോെട കാഴ്ചശ്രീവേലി. രാത്രി വിളക്കെഴുന്നള്ളിപ്പിന് ഇടയ്ക്ക, നാഗസ്വരം, വാദ്യം, അകമ്പടി.ആധ്യാത്മിക ഹാളിൽ ഭാഗവത സപ്താഹം. പലവട്ടം ശ്രീകൃഷ്ണാവതാരരംഗം വായിക്കും. അന്നലക്ഷ്മി ഹാളിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും ഭക്തർക്കു വിഭവസമൃദ്ധമായ പിറന്നാൾ സദ്യ.
ക്ഷേത്രത്തിനു പുറത്തു ഭക്തജനസംഘടനകളുടെ ആഘോഷങ്ങൾ. നായർ സമാജം അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റിയുടെ ഉറിയടി ഘോഷയാത്ര, ഗോപികാനൃത്തം, ജീവത എഴുന്നള്ളത്ത്, കെട്ടുകാഴ്ചകൾ, ബാലഗോകുലത്തിന്റെ ശോഭായാത്ര. കുട്ടികളെ കൃഷ്ണവേഷത്തിൽ അണിയിച്ചൊരുക്കി രക്ഷിതാക്കൾ ഗുരുവായൂരിലെത്തും. ‘എന്റെ മകൻ അല്ലെങ്കിൽ മകൾ’ കൃഷ്ണനായി കാണാനുള്ള മോഹത്തോടെ...