വീണ്ടും ചുങ്കപ്പേടി! ഇന്നും കുതിച്ച് സ്വർണവില, 2025ന്റെ അവസാനത്തിൽ എത്രയാകും പവൻ വില?

Mail This Article
ആഭരണപ്രിയർക്ക് ആശങ്ക നൽകി സ്വർണവില (Kerala gold price) വീണ്ടും അനുദിനം കൂടിത്തുടങ്ങി. കേരളത്തിൽ ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ച് 7,970 രൂപയായി. 240 രൂപ ഉയർന്ന് 63,760 രൂപയാണ് പവൻവില (gold rate). 18 കാരറ്റ് സ്വർണവിലയും (18 carat gold) ഗ്രാമിന് 20 രൂപ മുന്നേറി 6,555 രൂപയായി. വെള്ളിക്ക് (silver price) ഇന്നും അനക്കമില്ല; വില ഗ്രാമിന് 107 രൂപ.
രാജ്യാന്തരതലത്തിൽ ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന നിലയിൽ വൻ ഡിമാൻഡ് കിട്ടുന്നതാണ് സ്വർണവിലയെ മുന്നോട്ടു നയിക്കുന്നത്. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് താഴുകയും ചെയ്തതിനാൽ, സ്വർണത്തിന്റെ വാങ്ങൽച്ചെലവ് കുറഞ്ഞതും ഡിമാൻഡും വിലയും കൂടാനിടയാക്കുന്നു. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കെ, ഡോളർ തളരുമ്പോൾ കൂടുതൽ സ്വർണം വാങ്ങാനാകും.

ഇന്ത്യൻ രൂപ (Indian rupee) പക്ഷേ, ഡോളറിനെതിരെ ഇപ്പോൾ താഴേക്കാണ് നീങ്ങുന്നത്. ഇന്നലെ രാവിലെ നേട്ടത്തിന്റെ സൂചന നൽകിയെങ്കിലും വൈകിട്ട് വ്യാപാരം അവസാനിപ്പിച്ചപ്പോൾ രൂപയുള്ളത് 16 പൈസ നഷ്ടത്തിൽ. ഇന്നു രാവിലെയും ഇതിനകം 8 പൈസ താഴ്ന്ന് മൂല്യം 86.96 ആയി. ഡോളറിനെതിരെ രൂപ വീണ്ടും 87ലേക്ക് നീങ്ങുകയാണ്. ഫലത്തിൽ, രൂപ തളർന്നതിനാൽ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിച്ചെലവ് ഏറി. ഇതും ഇന്നു ആഭ്യന്തര വില കൂടാനൊരു ഘടകമായി.
സ്വർണം എന്തിന് മുന്നേറുന്നു?
യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതു മുതൽ ഡോണൾഡ് ട്രംപ് തൊടുത്തുവിട്ട ഇറക്കുമതിച്ചുങ്ക ഭീഷണികളാണ് സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ സമ്മാനിക്കുന്നത്. ചൈന, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്കുമേൽ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം ആഗോളതലത്തിൽ വ്യാപാരയുദ്ധത്തിന് വഴിവയ്ക്കുന്നു.

ഇതു കമ്പനികളെയും ഓഹരി/കടപ്പത്ര വിപണികളെയും ആഗോള വ്യാപാര, വ്യവസായ മേഖലയെയും ആശങ്കയിലാഴ്ത്തുന്നതിനാൽ, നിക്ഷേപകർ നിക്ഷേപം ‘താൽകാലികമായി സുരക്ഷിതമാക്കാൻ’ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപമാർഗങ്ങളിലേക്ക് മാറ്റുകയാണ്. ഇതാണ് വില കൂടാനിടവരുത്തുന്നതും.
പവൻ 70,000 രൂപയിലേക്ക്, നികുതിയും ചേർന്നാലോ?
രാജ്യാന്തര സ്വർണവില നിലവിൽ ഔൺസിന് 25 ഡോളർ ഉയർന്ന് 2,909 ഡോളറായി. ഇതു ഈ വർഷാന്ത്യത്തോടെ 3,100 ഡോളറിലേക്ക് എത്തിയേക്കുമെന്ന് രാജ്യാന്തര ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ് വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ വില പവന് 70,000 രൂപ മറികടക്കും. ഇതിനൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വാങ്ങൽ വില മിനിമം 75,000-80,000 രൂപയെങ്കിലുമാകും.
ഇന്നൊരു പവൻ വാങ്ങാൻ എന്തു നൽകണം?
3 ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി. ഹോൾമാർക്ക് ഫീസ് 45 രൂപയും അതിന്റെ 18 ശതമാനവും. അതായത്, 53.10 രൂപ. പുറമേ പണിക്കൂലിയും നൽകണം. ഇത് ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. 3 മുതൽ 30 ശതമാനം വരെയൊക്കെ പണിക്കൂലി ഈടാക്കാറുണ്ട്.

മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 69,011 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 8,626 രൂപയും. എങ്ങനെ സുരക്ഷിതമായി സ്വർണം വാങ്ങാം? വേണ്ടേ ഇൻഷുറൻസ്? വിശദാംശങ്ങൾഇവിടെ ക്ലിക്കു ചെയ്തു (click here) വായിക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business