ADVERTISEMENT

എംപുരാന്‍ വിവാദത്തെ തുടര്‍ന്നാണോ അല്ലയോ എന്നറിയില്ല അതിന്റെ സംവിധായകനും നിര്‍മാതാവിനും ഇന്‍കംടാക്‌സ് വകുപ്പിന്റെ നോട്ടീസ് ലഭിച്ചതായി വാര്‍ത്തകള്‍ കണ്ടു. ഇനി എംപുരാന്‍ കണ്ടവര്‍ക്കും നോട്ടീസ് ലഭിക്കുമോ എന്ന് പലരും ട്രോളുന്നതും കണ്ടു. സിനിമ കണ്ടാലും ഇല്ലെങ്കിലും ഇടത്തരക്കാരായ ശമ്പളവരുമാനക്കാര്‍ അറിയുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ട ഒരു പ്രധാന കാര്യം ആദായ നികുതി കൃത്യമായി അടയ്ക്കുകയും ഇന്‍കംടാക്‌സ് റിട്ടേണ്‍ സമയബന്ധിതമായി സമര്‍പ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഇത്തരം നോട്ടീസുകള്‍ ഇന്‍കംടാക്‌സ് വകുപ്പില്‍ നിന്നുവരും എന്നതാണ്.

എന്നാല്‍ ഇത്തരം നേട്ടീസ് ലഭിച്ചെന്നുകരുതി ഭയക്കേണ്ട കാര്യമില്ല. മറ്റു വകുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി വളരെ സൗഹാര്‍ദപൂര്‍വ്വം നികുതിദായകരോട് ഇടപെടുന്ന വകുപ്പാണ് ഇന്‍കംടാക്‌സ്. ആളുകളെ നികുതി നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുകയും അതിനായി നടപടിക്രമങ്ങള്‍ അനുദിനം ലളിതമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വകുപ്പുമാണിത്. നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാര്യം പരിഹരിക്കാന്‍ ആവശ്യത്തിന് സമയവും സാവകാശവും വകുപ്പ് നല്‍കും.

ഇനി തെറ്റായാണ് നോട്ടീസ് ലഭിച്ചതെങ്കില്‍ അക്കാര്യവും ഇന്‍കംടാക്‌സ് വകുപ്പിനെ ബോധ്യപ്പെടുത്താവുന്നതാണ്. അധികമായി നികുതി ഈടാക്കിയാല്‍ അത് തിരികെ തരുന്നതുവരെ നമുക്ക് ആ തുകയ്ക്ക് പലിശ തരുന്ന വകുപ്പാണ് ഇത്. അതുകൊണ്ട് ഇന്‍കംടാക്‌സ് നോട്ടീസിനെ ഭയക്കേണ്ട. പേടിയല്ല, ജാഗ്രതയാണ് വേണ്ടത്.

പ്രധാനപ്പെട്ട ഏതൊക്ക തരം നോട്ടീസാണ് ശമ്പളവരുമാനക്കാര്‍ക്ക് ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയെന്ന് നോക്കാം.

1. സെക്ഷന്‍ 148 പ്രകാരമുള്ള നോട്ടീസ്

നിങ്ങളുടെ നികുതി വിധേയവരുമാനം നിങ്ങള്‍ കണക്കാക്കിയപ്പോള്‍ ചില വരുമാനങ്ങള്‍ കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടു എന്ന് വകുപ്പിന് മനസിലാകുമ്പോഴാണ് ഈ നോട്ടീസ് അയയ്ക്കുന്നത്. ഇന്‍കംടാക്‌സ് റിട്ടേണില്‍ ഈ വരുമാനം ഉള്‍പ്പെടുത്താതെ വരുമ്പോഴാണ് വകുപ്പ് അത് നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. ഈ വരുമാനം മൊത്ത വരുമാനത്തില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം നിങ്ങള്‍ക്ക് ബോധിപ്പിക്കാം.

തൃപ്തികരമാണ് എങ്കില്‍ വകുപ്പ് അത് സ്വീകരിക്കും. നടപടി അവിടെ അവസാനിപ്പിക്കും. അല്ലെങ്കില്‍ വകുപ്പിന്റെ ബോധ്യമനുസരിച്ച് നിങ്ങള്‍ ഒഴിവാക്കിയ വരുമാനം കൂടി ഉള്‍പ്പെടുത്തി നിങ്ങളുടെ നികുതി വിധേയവരുമാനം റീ അസസ് ചെയ്ത് അടയ്‌ക്കേണ്ട നികുതി എത്രയെന്ന് കണക്കാക്കും. അതനുസരിച്ച് നികുതിയും പലിശയും നികുതി ദായകന്‍ അടയ്‌ക്കേണ്ടിവരും.

2. സെക്ഷൻ 143(2) പ്രകാരമുള്ള നോട്ടീസ്

സമര്‍പ്പിച്ച നികുതി റിട്ടേണ്‍ വിശദമായി ഒന്നുകൂടി പരിശോധിച്ച് അതിലെ വരുമാനം കിഴിവുകള്‍, ഇളവുകള്‍ തുടങ്ങിയവ ശരിയാണോ, സത്യസന്ധമാണോ എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ആണിത്. സ്‌ക്രൂട്ടിനി നോട്ടീസ് എന്നാണ് ഇതറയിപ്പെടുന്നത്. ഈ നോട്ടീസിനൊപ്പം വകുപ്പിന്റെ സംശയങ്ങള്‍ ചോദ്യരൂപത്തില്‍ നില്‍കിയിട്ടുണ്ടാകും. അതോടൊപ്പം നികുതി ദായകന്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ പട്ടികയും ഉണ്ടാകും.

3. സെക്ഷന്‍ 245 പ്രകാരമുള്ള നോട്ടീസ്

മുന്‍വര്‍ഷങ്ങളില്‍ നികുതി കുടിശിക ഉണ്ടെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ റീ ഫണ്ട് തുക ഇതില്‍ തട്ടിക്കിഴിച്ചേക്കാം. അത്തരം സാഹചര്യത്തില്‍ നല്‍കുന്ന നോട്ടീസാണ് ഇത്. ഇതില്‍ നിങ്ങള്‍ക്ക് എതിര്‍പ്പ് ഉണ്ടെങ്കിലോ മുന്‍വര്‍ഷങ്ങളിലെ നികുതി നിങ്ങള്‍ അടച്ചിട്ടുള്ളതാണെങ്കിലോ അതിന്റെ തെളിവ് സഹിതം വകുപ്പിന് മറുപടി നല്‍കാം.

4. സെക്ഷന്‍ 143(1) പ്രകാരമുള്ള നോട്ടീസ്

നിങ്ങള്‍ സമര്‍പ്പിച്ച റിട്ടേണ്‍ പ്രോസസ് ചെയ്തശേഷം നല്‍കുന്ന നോട്ടീസാണിത്. നിങ്ങളുടെ നികുതി കണക്കുകളും വകുപ്പ് അസസ് ചെയ്ത കണക്കുകളും ഒത്തുപോകുന്നുണ്ടോ എന്ന് ഈ നോട്ടീസില്‍ പറയും. കണക്കുകള്‍ ഒത്തുപോകുന്നില്ലെങ്കിലോ നികുതി  ബാക്കി അടയ്ക്കാനുണ്ടെങ്കിലോ ബാക്കി നികുതിയെക്കുറിച്ച് ഇതില്‍ വ്യക്തമാക്കും. അടച്ച നികുതി കൂടുതലാണ് എങ്കില്‍ റീ ഫണ്ട് തുക എത്രയാണ് എന്നതും പറയും.

5. സെക്ഷന്‍ 139(9) പ്രകാരമുള്ള നോട്ടീസ്

സമര്‍പ്പിച്ച റിട്ടേണില്‍ തെറ്റുകള്‍ കണ്ടെത്തിയാലാണ് ഈ നോട്ടീസ് നല്‍കാറുള്ളത്. ഇത് ലഭിച്ചാല്‍ തെറ്റുകള്‍ തിരുത്തി റിവൈസ്ഡ് റിട്ടേണ്‍ സമര്‍പ്പിക്കണം.

6. സെക്ഷന്‍ 142 പ്രകാരമുള്ള നോട്ടീസ്

ആദായ നികുതി നല്‍കേണ്ടാത്ത പരിധിയില്‍ കവിഞ്ഞ് വരുമാനം ഉണ്ടായിട്ടും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെങ്കിലാണ് ഈ നോട്ടീസ് ലഭിക്കുക. നികുതി ദായകന്റെ ആനുവല്‍ ഇന്‍ഫര്‍മേഷന്‍ സ്റ്റേറ്റ്‌മെന്റില്‍ പല ഉറവിടങ്ങളില്‍ നിന്നുള്ള വരുമാനം ഉണ്ടെന്ന് കണ്ടത്തുകയും അത് ഇളവ് പരിധിക്ക് കൂടുതലാവുകയും ചെയ്യുമ്പോഴാണ് ഈ നോട്ടീസ് നല്‍കുക.

7. സെക്ഷന്‍ 131 പ്രകാരമുള്ള നോട്ടീസ്

നേരിട്ട് വകുപ്പിന് മുമ്പാകെ ഹാജരാകാനുള്ള നോട്ടീസാണിത്. നികുതിദായകന്‍ ആവശ്യമെങ്കില്‍ ചോദ്യംചെയ്യപ്പെടും. സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ സൂഷ്മമായി  പരിശോധക്കപ്പെടും.

( പെഴ്സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെൻറുമാണ് ലേഖകൻ. ഫോൺ 9447667716. ഇമെയ്ൽ jayakumarkk8@gmail.com)

English Summary:

Don't fear an income tax notice! Learn about common tax notices (sections 148, 143(2), 245, 143(1), 139(9), 142, 131) and how to respond. Understand your rights as a taxpayer and avoid unnecessary worries.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT