സ്കൂളിലും നിരത്തുകളിലുമെല്ലാം മനുഷ്യർക്ക് പകരം മനുഷ്യക്കോലങ്ങൾ : ജപ്പാനിലെ വിചിത്ര ഗ്രാമം !

Mail This Article
ജപ്പാനിലെ ഇയ താഴ്വരയിൽ നഗോറു എന്ന ഒരു ഗ്രാമമുണ്ട്. സ്കൂളുകളും കടകളും വീടുകളും കളി ഇടങ്ങളും എല്ലാമായി ജീവിക്കാൻ വേണ്ട സൗകര്യങ്ങൾ എല്ലാം ഉള്ള ഒരു ഗ്രാമം. എന്നാൽ ജപ്പാനിലെ തന്നെ ഏറ്റവും വിചിത്രമായ ഗ്രാമം എന്നാണ് നഗോറു ഇപ്പോൾ അറിയപ്പെടുന്നത്. കാരണം മറ്റൊന്നുമല്ല, ഈ ഗ്രാമത്തിൽ മനുഷ്യരേക്കാൾ കൂടുതൽ മനുഷ്യ കോലങ്ങളാണ് ഉള്ളത്. കൃത്യമായി പറഞ്ഞാൽ ഗ്രാമത്തിലെ ജനസംഖ്യയുടെ പത്തിരട്ടിയിലധികം മനുഷ്യക്കോലങ്ങൾ!
27 മനുഷ്യർ മാത്രമാണ് ഇപ്പോൾ ഗ്രാമത്തിൽ ജീവിക്കുന്നത്. എന്നാൽ മനുഷ്യ കോലങ്ങളുടെ എണ്ണം മുന്നൂറിന് മുകളിലും. നഗോറു ഇന്നത്തെ നിലയിൽ കാണപ്പെടുന്നതിനു പിന്നിലൊരു കഥയുണ്ട്. സുഖസൗകര്യങ്ങളും ജോലിയും തേടി ഗ്രാമത്തിലെ ജനങ്ങൾ നഗര പ്രദേശങ്ങളിലേക്ക് താമസം മാറ്റിയതായിരുന്നു ഇവിടുത്തെ ജനസംഖ്യ കുറയാനുള്ള പ്രധാന കാരണം. ഒരു പതിറ്റാണ്ട് മുൻപ് വരെ മുന്നൂറോളം ജനങ്ങൾ നഗോറുവിൽ വസിച്ചിരുന്നു. എന്നാൽ 2015 ആയപ്പോഴേക്കും അത് 35 ലേക്ക് എത്തി. പിന്നീടുള്ള വർഷങ്ങളിലും എണ്ണം കുറഞ്ഞു വരികയാണ് ചെയ്തത്.

20 കൊല്ലങ്ങൾക്കു മുൻപ് കുടുംബത്തിനൊപ്പം ഗ്രാമം വിട്ടു പോയ സുകിമി അയനോ എന്ന വനിതയാണ് ഈ മനുഷ്യക്കോലങ്ങൾ അത്രയും നിർമ്മിച്ചത്. വർഷങ്ങൾക്കുശേഷം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ സുകിമി കണ്ടത് അവിടുത്തെ ഇടങ്ങളെല്ലാം മനുഷ്യരുടെ അനക്കം പോലും ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്നതാണ്. ഈ കാഴ്ച കണ്ടതോടെ സുകിമി ഏറെ ദുഃഖത്തിലുമായി. അങ്ങനെയിരിക്കെയാണ് ഗ്രാമത്തിലെ തന്റെ വയലിൽ നിന്നും മൃഗങ്ങളെ അകറ്റി നിർത്തുന്നതിന് വേണ്ടി തന്റെ അച്ഛന്റെ രൂപത്തിൽ ഒരു മനുഷ്യ പാവയെ സുകിമി നിർമ്മിച്ചത്. എന്നാൽ ഗ്രാമത്തിൽ ശേഷിക്കുന്നവരെല്ലാം ആ മനുഷ്യ പാവയേയും തങ്ങളുടെ കൂട്ടത്തിൽ ഒരാളായാണ് കണ്ടത്. പാവയ്ക്ക് മുന്നിലൂടെ പോകുമ്പോഴും വരുമ്പോഴും എല്ലാം തന്റെ അച്ഛനോട് എന്നപോലെ അവർ അതിനോട് 'ഹായ്' പറഞ്ഞുതുടങ്ങി. അങ്ങനെയാണ് ആളൊഴിഞ്ഞ ഗ്രാമത്തിലെ ഇടങ്ങളെല്ലാം മനുഷ്യ പാവകളെ കൊണ്ട് നിറയ്ക്കാനുള്ള ആശയം സുകിമിയുടെ മനസ്സിൽ എത്തിയത്.
പിന്നെ വൈകിയില്ല. തന്റെ കുട്ടിക്കാലത്തെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്ന രൂപങ്ങളിൽ നൂറുകണക്കിന് പാവകളെ സുകിമി നിർമ്മിച്ചു. അവയെ വഴിയോരങ്ങളിലെ ബെഞ്ചുകളിലും കളി ഇടങ്ങളിലും എല്ലാം സ്ഥാപിക്കുകയും ചെയ്തു. ഇപ്പോൾ ഇവിടെ ജീവിക്കുന്നവരിൽ കുട്ടികൾ ആരുമില്ല എന്നതാണ് ഗ്രാമത്തിന്റെ മറ്റൊരു പ്രത്യേകത. അങ്ങനെ 2012ൽ അടച്ചുപൂട്ടിയ ഗ്രാമത്തിലെ സ്കൂളും പാവകളെ കൊണ്ട് നിറയ്ക്കാൻ സുകിമി തീരുമാനിച്ചു. കളിക്കുകയും പഠിക്കുകയും ചെയ്യുന്ന കുട്ടികളുടെ രൂപത്തിലാണ് സ്കൂളിലേക്ക് പാവകളെ നിർമ്മിച്ചത്.
ഇപ്പോൾ നഗോറുവിൽ എത്തിയാൽ ചൂണ്ടയിടുന്ന രൂപത്തിലും കൂട്ടം കൂടിയിരുന്നു സംസാരിക്കുന്ന രൂപത്തിലും നിരത്തുകളിൽ ജോലിചെയ്യുന്ന രൂപത്തിലുമെല്ലാമുള്ള നൂറുകണക്കിന് മനുഷ്യപാവകളെ കാണാൻ സാധിക്കും. തന്റെ ഗ്രാമത്തിനെ പഴയ പ്രതാപത്തിൽ കാണാൻ സുകിമി നടത്തിയ ശ്രമം കാലക്രമേണ സഞ്ചാരികളുടെ ശ്രദ്ധയും ആകർഷിച്ചു തുടങ്ങി. നിരവധി വിനോദസഞ്ചാരികളാണ് മനുഷ്യപാവകളുടെ ഗ്രാമം കാണാനായി മാത്രം ഈ താഴ്വരയിലേക്ക് എത്തുന്നത്.
English Summary : Japans doll village Nagoro in Tokushina prefecture