കൂട്ടുംവാതുക്കൽ പാലം നിർമാണം അവസാന ഘട്ടത്തിലേക്ക്
Mail This Article
കായംകുളം ∙ ദേവികുളങ്ങര–കണ്ടല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂട്ടുംവാതുക്കൽ പാലം നിർമാണം അവസാന ഘട്ടത്തിലേക്ക്. തീരദേശ മേഖലയിലെ ഗതാഗതത്തിലും ടൂറിസം വികസനത്തിലും കാതലായ പങ്ക് വഹിക്കാനാകുന്നതാണ് കൂട്ടുംവാതുക്കൽപാലം. തീരവാസികളുടെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്നത്. 40 കോടി രൂപയാണ് പാലം നിർമാണത്തിന് അനുവദിച്ചിട്ടുളളത്. 356 മീറ്റർ നീളമുള്ള പാലത്തിന്റെ 70 % ജോലികൾ പൂർത്തിയായിക്കഴിഞ്ഞു.
18 സ്പാനുകളാണ് പാലത്തിനുള്ളത്. ഇതിൽ 10 സ്പാനുകളുടെ നിർമാണം കഴിഞ്ഞു. 8 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ആകെ 11 മീറ്റർ വീതിയുള്ള പാലത്തിൽ വാഹനങ്ങൾക്ക് സഞ്ചരിക്കുന്നതിന് 7.5 മീറ്റർ വീതിയും നടപ്പാതയ്ക്ക് ഇരുവശത്തും 1.5 മീറ്റർ വീതിയുമുണ്ട്. പാലത്തിന്റെ ഇരുവശത്തേക്കും അരകിലോമീറ്റർ നീളമുള്ള സമീപന പാതയുടെ നിർമാണവും ഇതോടൊപ്പം നടക്കുന്നുണ്ട്.
കണ്ടല്ലൂർ പൈപ്പ് ജംക്‌ഷനിലേക്കും പുതുപ്പള്ളി കോട്ടയ്ക്കകത്ത് ജംക്‌ഷനിലേക്കുമാണ് സമീപന പാത നിർമിക്കുന്നത്. പാലത്തിനൊപ്പം റോഡും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പാലത്തിന്റെ മധ്യഭാഗത്തായി യാത്രക്കാർക്ക് കായൽക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി 5 ആർച്ചുകളും രൂപകൽപന ചെയ്യുന്നുണ്ട്. പാലത്തിലൂടെ പോകുന്ന വാഹനങ്ങൾക്ക് കുലുക്കം ഉണ്ടാകാതിരിക്കാൻ ഇന്റഗ്രൽ മാതൃകയിലാണ് നിർമാണം. 2020 ജനുവരിയിൽ നിർമാണം തുടങ്ങിയ പാലം വരുന്ന ജൂണിൽ നാടിന് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വിഭാഗം.