ജില്ലയിലെ നെല്ല് സംഭരണം 70% പൂർത്തിയായി; ഇതുവരെ സംഭരിച്ചത് 23,223 ടൺ നെല്ല്

Mail This Article
കുട്ടനാട് ∙ ജില്ലയിൽ നെല്ല് സംഭരണവും വിളവെടുപ്പും 70% പൂർത്തിയായി. ഇന്നലെ മാത്രം 831 ടൺ നെല്ലാണു സിവിൽ സപ്ലൈസ് വകുപ്പ് സംഭരിച്ചത്. ഇതുവരെ ജില്ലയിൽ നിന്ന് ആകെ 23,223 ടൺ നെല്ലാണു സംഭരിച്ചത്.
പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ വടക്കേക്കരി മാടത്താനിക്കരി, നെടുമുടി കൃഷിഭവൻ പരിധിയിലെ കടന്നങ്ങാട്, കരിപ്പാടം, മണക്കാടംപള്ളി, മണത്രക്കാട്, കൈനകരി കൃഷിഭവൻ പരിധിയിലെ കൂലിപ്പുരയ്ക്കൽ, പുറക്കാട് കൃഷിഭവൻ പരിധിയിലെ മലയിൽതോട്, പുന്നപ്ര സൗത്ത് കൃഷിഭവൻ പരിധിയിലെ പൂന്തുരം, തകഴി കൃഷിഭവൻ പരിധിയിലെ ഉടന്തറ, അമ്പലപ്പുഴ നോർത്തിലെ നാലുപാടം, ആലപ്പുഴ നഗരസഭാ പരിധിയിലെ കക്കാ കായൽ, കന്നിട്ട എ ബ്ലോക്ക്, ദേവസ്വംകരി എന്നീ പാടശേഖരങ്ങളിലാണു വിളവെടുപ്പും സംഭരണവും പുരോഗമിക്കുന്നത്. പുറക്കാട് കൃഷിഭവൻ പരിധിയിലെ കൃഷിത്തോട്ടം പാടശേഖരത്തിൽ വിളവെടുപ്പ് ആരംഭിച്ചെങ്കിലും സംഭരണം തുടങ്ങിയിട്ടില്ല.ജില്ലയിൽ അടുത്തമാസം പകുതിയോടയേ രണ്ടാംകൃഷിയുടെ വിളവെടുപ്പു പൂർത്തിയാകൂ. ചമ്പക്കുളം, നെടുമുടി, കൈനകരി, പുറക്കാട്, തകഴി, അമ്പലപ്പുഴ എന്നീ കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിലെ വിളവെടുപ്പാണ് ഇനി അവശേഷിക്കുന്നത്.