പടഹാരം പാലം ഡിസംബറിൽ ഗതാഗതത്തിന് തുറന്നുകൊടുക്കും

Mail This Article
കുട്ടനാട്∙ പടഹാരം പാലം ഡിസംബറിൽ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നു തോമസ് കെ.തോമസ് എംഎൽഎ. പാലം നിർമാണ പുരോഗതി വിലയിരുത്തുകയായിരുന്നു എംഎൽഎ. സാങ്കേതിക തടസ്സങ്ങളെ തുടർന്നു നിർമാണം നേരിയ തോതിൽ മന്ദഗതിയിൽ ആയിരുന്നുവെങ്കിലും നിലവിൽ വേഗത്തിലാണു നിർമാണം പുരോഗമിക്കുന്നത്. 2016-17 ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി ധനസഹായത്തോടെ കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണു നിർമാണം നടന്നു വരുന്നത്.
453 മീറ്റർ ദൈർഘ്യമുള്ള പാലം 57.83 കോടി രൂപ ചെലവഴിച്ചാണു നിർമിക്കുന്നത്. 7.5 മീറ്റർ വീതിയുള്ള പാലത്തിൽ റോഡ് നിരപ്പിനു താഴെയായി 1.70 മീറ്റർ വീതിയിൽ നടപ്പാത ഒരുക്കിയിട്ടുണ്ട്. സീറോ ലാൻഡിങ് സംവിധാനത്തിൽ പൂക്കൈത ആറിനു കുറുകെ നിർമിക്കുന്ന പാലം വിനോദസഞ്ചാരത്തിനും പരിഗണന നൽകിയാണു രൂപകൽപന ചെയ്തത്. കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശേരി റോഡിനെയും അമ്പലപ്പുഴ-തിരുവല്ല റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണു കരുവാറ്റ-കുപ്പപ്പുറം റോഡിൽ സ്ഥിതി ചെയ്യുന്ന പടഹാരം പാലം.