കാലൊന്നു തെറ്റിയാൽ തോട്ടിലേക്ക് അല്ലെങ്കിൽ പാടത്തേക്ക്
Mail This Article
എടത്വ ∙ കാലൊന്നു തെറ്റിയാൽ തോട്ടിലേക്ക് അല്ലെങ്കിൽ പാടത്തേക്ക്; അതാണ് എടത്വ പഞ്ചായത്ത് മൂന്നാം വാർഡ് ചങ്ങങ്കരി പുതിയ കൊട്ടാരം പാലം മുതൽ സെന്റ് ജോസഫ് പള്ളി വരെയുള്ള റോഡിന്റെ അവസ്ഥ. വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് റോഡ് ഉയർത്തി ടാറിങ് നടത്തണം എന്നത്.
എന്നാൽ ആരും കേൾക്കുന്നില്ല. മൂന്നു വർഷം മുൻപ് തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് കോൺക്രീറ്റ് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, മെറ്റൽ വേസ്റ്റ് റോഡിൽ കൂനകൂട്ടി ഇട്ടതോടെ ജനങ്ങൾ പ്രതിഷേധവുമായി വന്നു. ഇതോടെ അതും മുടങ്ങി. സൈക്കിൾ പോലും കടന്നു പോകാൻ സാധിക്കാതെ വന്നതോടെ നാട്ടുകാർ തന്നെ കൂടിക്കിടന്നിരുന്ന മെറ്റൽ വേസ്റ്റ് നിരത്തി.
പലതവണ വെള്ളപ്പൊക്കവും മഴയും വന്നതോടെ കൂർത്ത കല്ലുകൾ നിറഞ്ഞ് കുഴികൾ മാത്രമായി. ഇപ്പോൾ കാൽനട പോലും സാധിക്കാത്ത അവസ്ഥയാണ്. കൊച്ചുകുട്ടികളെ മാതാപിതാക്കൾ റോഡു വരെ എത്തിച്ചാണ് സ്കൂളിലേക്ക് അയയ്ക്കുന്നത്. തോട്ടു തീരത്തെ സംരക്ഷണ ഭിത്തിയിൽ കൂടി നടക്കേണ്ടി വരുമ്പോൾ കുട്ടികൾ തോട്ടിൽ വീണ സംഭവവും ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ധർമ ശാസ്താ ക്ഷേത്രം, സെന്റ് ജോസഫ് പള്ളി, എസ്എൻഡിപി ഗുരുമന്ദിരം റേഷൻ കട, പോസ്റ്റ് ഓഫിസ്, ഗവ.എൽ.പി.സ്കൂൾ, ദേവസ്വം ബോർഡ് യുപി സ്കൂൾ, ബോട്ട് ജെട്ടി എന്നിവിടങ്ങളിലേക്ക് പോകാൻ നൂറുകണക്കിനു ആളുകൾ ഉപയോഗിക്കുന്നതാണ് ഈ വഴി.
റോഡിന്റെ മധ്യഭാഗത്താണ് ജില്ലയിലെ ആദ്യത്തെ തൂക്കുപാലം ഉള്ളത്. ദിവസവും ഒട്ടേറെ ആളുകളാണ് പാലം കാണാനും ഷൂട്ടിങ്ങിനും എത്തുന്നത്. തൂക്കു പാലത്തിനു സമീപം വർഷങ്ങളായി താഴെ വീഴാറായ സ്റ്റെപ് പാലം നിൽക്കുന്നുണ്ട്. ഒന്നുകിൽ പൊളിച്ചു നീക്കുകയോ, അല്ലെങ്കിൽ അറ്റകുറ്റപ്പണി ചെയ്യുകയോ വേണമെന്നും അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ലെന്നും പരാതിയുണ്ട്.