ഇരുട്ടിവെളുത്തപ്പോൾ കിണർ ‘കുളമായി’; അന്തംവിട്ട് വീട്ടുകാർ
Mail This Article
എടത്വ ∙ ഉറങ്ങിയെണീറ്റപ്പോൾ വീടിന്റെ മുറ്റത്തെ കിണർ ‘കുളമായി’ മാറിയതു കണ്ട് അന്തംവിട്ട് വീട്ടുകാർ. എടത്വ പാണ്ടങ്കരി പാലപ്പറമ്പിൽ വാലയിൽ പുത്തൻപറമ്പിൽ പരേതനായ തങ്കച്ചന്റെ വീടിനു മുന്നിലുള്ള കിണറാണ് പൂർണമായും ഭൂമിക്കടിയിലായത്. വാടകയ്ക്കു കൊടുത്തിരിക്കുന്ന വീട്ടിൽ നിലവിൽ താമസിക്കുന്നത് ശശി പനയ്ക്കത്തറ എന്ന ആളും കുടുംബവുമാണ്. വീടിനോടു ചേർന്നാണ് കിണർ സ്ഥിതി ചെയ്യുന്നത്. ശശി പുലർച്ചെ എണീറ്റ് മുറ്റത്തേക്കിറങ്ങുന്ന ആളാണ്.
എന്നാൽ ഇന്നലെ താമസിച്ചതിനാൽ കുഴിയിൽ വീഴാതെ രക്ഷപ്പെട്ടു. മുറ്റത്തു നിന്നും 5 അടിയോളം മുകളിലേക്ക് ഉയർന്നു നിന്നതാണ് കിണർ. അതു മുഴുവനും ഭൂമിക്കടിയിലേക്ക് താഴുകയാണ് ചെയ്തത്. ഇതിൽ നിന്നും മോട്ടർ ഉപയോഗിച്ച് ടാങ്കിൽ വെള്ളം നിറച്ചാണ് ഉപയോഗിച്ചിരുന്നത്. കിണർ നഷ്ടപ്പെട്ടതോടെ കുടിവെള്ളവും തടസ്സപ്പെട്ടിരിക്കുകയാണ്. കിണർ താഴ്ന്നെങ്കിലും സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല.