പോപ്പി പാലം പൊളിച്ച് പണിയാൻ നടപടി; എഎസ് കനാലിൽ ബണ്ട് നിർമാണം തുടങ്ങി

Mail This Article
ആലപ്പുഴ ∙ പോപ്പി പാലം പൊളിച്ച് പുതിയ പാലം നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി എഎസ് കനാലിൽ പുതിയ ബണ്ട് നിർമിക്കാൻ തുടങ്ങി. തെങ്ങ് കുറ്റികൾ രണ്ട് നിരയായി താഴ്ത്തി അതിനുള്ളിൽ മണൽ നിറച്ചാണ് ബണ്ട് നിർമിക്കുന്നത്. ആലപ്പുഴ കനാൽ നവീകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി വെള്ളാപ്പള്ളി, ആറാട്ടുവഴി, തുമ്പോളി സെന്റ് മേരീസ് തുടങ്ങിയ പാലങ്ങൾക്കൊപ്പമാണ് പോപ്പി പാലവും നിർമിക്കുന്നത്. ഇതിൽ ആദ്യത്തെ നിർമാണം പോപ്പി പാലത്തിന്റേതാണ്. ആംബുലൻസ് കയറാവുന്ന വീതിയിൽ ആയിരിക്കും പുതിയ പാലം. പുതുതായി നിർമിക്കുന്ന 4 പാലങ്ങൾക്കും താഴെ കനാലിൽ തൂൺ ഉണ്ടായിരിക്കില്ല.
വിനോദ സഞ്ചാരം ലക്ഷ്യമിട്ട് പാതിരപ്പള്ളി വരെ ബോട്ട് ഗതാഗതം സുഗമമാക്കുന്നതിനാണ് പാലങ്ങൾ ഇങ്ങനെ നിർമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ നഗരത്തിലെ ചെറുതും വലുതുമായ കനാലുകൾ, കാപ്പിത്തോട്, മടയൻ തോട് എന്നിവയുടെ നവീകരണം നടത്തും. കൂടാതെ വെള്ളാപ്പള്ളി പാലം പൊളിച്ചു മാറ്റി പകരം 7.5 മീറ്റർ വീതിയിൽ 2 വരി പാതയായി പുതിയ പാലം നിർമിക്കുന്നതാണ് പദ്ധതി. ആറാട്ടുവഴി പാലം പൊളിച്ച് 6 മീറ്റർ വീതിയിൽ പുതിയത് നിർമിക്കും. സെന്റ് മേരീസ് ഇരുമ്പ് പാലം ഉയർത്തി നിർമിക്കും. ഇതിനെല്ലാം കൂടി കെഐഡിസി തയാറാക്കിയ 39 കോടി രൂപയുടെ പദ്ധതി നേരത്തെ സർക്കാരിന് സമർപ്പിച്ചതാണ്. പദ്ധതിക്ക് അംഗീകാരം കിട്ടിയതായി പി.പി.ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.