നഗരത്തിലെ നാൽപാലം പൂർത്തീകരണം 3 മാസത്തിനുള്ളിൽ

Mail This Article
ആലപ്പുഴ ∙ തുറമുഖ നഗരത്തിന്റെ പ്രതാപക്കാഴ്ചയായിരുന്ന മുപ്പാലം പൊളിച്ച് നാൽപാലമായി നിർമിക്കുന്ന പണി 3 മാസം കൊണ്ട് പൂർത്തിയാകും. നഗരത്തിൽ നിന്നും ബീച്ചിലേക്ക് ഉണ്ടായിരുന്ന പാതകൾ പുതിയ നാൽപാലത്തിലൂടെ പോകുമ്പോൾ വിനോദക്കാഴ്ചകൾ ഉറപ്പാക്കാനും പദ്ധതിയുണ്ട്. യഥാസമയം പാലം പണി പൂർത്തിയാക്കാൻ സർക്കാർ പണം നൽകുന്നില്ലെന്നും പരാതി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിന് മുൻവശത്തുള്ള നാലാമത്തെ പാലത്തിൽ ഇനി സ്ലാബുകൾ കയറ്റി വയ്ക്കണം. സ്ലാബുകൾ കോൺക്രീറ്റ് ചെയ്തു. അടുത്ത 10 ദിവസത്തിനുള്ളിൽ സ്ലാബുകൾ സ്ഥാപിക്കുന്നതോടെ 4 പാലങ്ങളുടെയും നിർമാണം പൂർത്തിയാകും.
പിന്നീട് 4 പാലങ്ങളുടെയും സ്ലാബുകൾ തമ്മിൽ കൂട്ടി യോജിപ്പിച്ച് വൃത്താകൃതി വരുത്തണം. കോൺക്രീറ്റ് ചെയ്ത ശേഷമുള്ള വിടവുകൾ അടയ്ക്കണം. കൈവരികൾ സ്ഥാപിക്കണം. ഈ സാങ്കേതിക പ്രവൃത്തികൾക്ക് എല്ലാം കൂടി 3 മാസത്തെ സമയം മതിയാകുമെന്ന് നാൽപ്പാലം നിർമിക്കുന്ന കരാർ കമ്പനി അധികൃതർ പറഞ്ഞു.അതേസമയം മുപ്പാലം നിർമാണത്തിന് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ 13 കോടി 97 ലക്ഷം രൂപയിൽ സർക്കാർ നൽകിയത് 7 കോടി രൂപ മാത്രമാണ്. 9 മാസം മുൻപ് നൽകിയ 2.75 കോടി രൂപയുടെ ബില്ല് ഇതുവരെയും പാസാക്കി കൊടുത്തില്ല.
ബ്രിട്ടിഷ് ഭരണ കാലത്ത് നിർമിച്ച മുപ്പാലം നഗരത്തിലെ മറ്റ് പഴയ പാലങ്ങൾ പോലെ പ്രതാപക്കാഴ്ചയായിരുന്നു. സിനിമകളും മികച്ച ആൽബങ്ങളും ചിത്രീകരിക്കാൻ മുപ്പാലവും കനാൽ തീരവും പരിസരവും തിരഞ്ഞെടുത്തിട്ടുണ്ട്. കാലപ്പഴക്കം പറഞ്ഞ് 3 വർഷം മുൻപ് പാലം പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിക്കുകയായിരുന്നു. വാണിജ്യത്തോടിന് കുറുകെ മറ്റൊരു പാലം കൂടി നിർമിക്കാനായിരുന്നു പദ്ധതി. പണി തീരുമ്പോൾ 4 ഭാഗത്തേക്കുള്ള കനാലിൽ ജലഗതാഗതവും കനാലിന്റെ 8 കരകളിലൂടെ വാഹന ഗതാഗതവും സുഗമമാകുമെന്നതാണ് നാൽപാലത്തിന്റെ പ്രത്യേകത.