ADVERTISEMENT

ആലപ്പുഴ ∙ നാടിന്റെയാകെ വിശപ്പു മാറ്റിയ, പാടശേഖരങ്ങളിൽ പൊൻകതിരുകൾ വിളയിച്ച പ്രതിഭയെ ഭാരതരത്നത്താൽ ആദരിക്കുമ്പോൾ, എം.എസ്.സ്വാമിനാഥൻ പേരിനൊപ്പം ഹൃദയപൂർവം അണിഞ്ഞ കുട്ടനാടൻ ഗ്രാമം മങ്കൊമ്പിനും ഇത് അഭിമാന നിമിഷം. കേരളത്തിന്റെ നെല്ലറ രൂപപ്പെടുത്തുന്നതിൽ എം.എസ്.സ്വാമിനാഥനും ‘മങ്കൊമ്പ് സ്വാമിമാർ’ എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബവും വഹിച്ച പങ്ക് വലുതാണ്. ഈ കുടുംബത്തെ കുട്ടനാട്ടിലേക്ക് എത്തിച്ചത് കൃഷിയോടുള്ള അടുപ്പമായിരുന്നു. മങ്കൊമ്പ് ക്ഷേത്രത്തിന് സമീപം താമസിച്ചതോടെ മങ്കൊമ്പ് സ്വാമിമാരായി അറിയപ്പെട്ടു. കുട്ടനാട്ടിൽ കൃഷിക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പാടശേഖരങ്ങൾ രൂപപ്പെടുത്തുന്നതിലും ഇവർ സഹായിച്ചു.

സ്വാമിനാഥന്റെ പിതാവ് എം.കെ.സാംബശിവൻ കുംഭകോണത്തു ഡോക്ടറായിരുന്നു. അതിനാൽ സ്വാമിനാഥന്റെ ജനനവും പഠനവും ചെന്നൈയിലായിരുന്നു. അതേസമയം, മങ്കൊമ്പുമായുള്ള ബന്ധത്തിലൂടെ കുട്ടനാടിന്റെ കൃഷിയും അദ്ദേഹത്തിന്റെ ജനിതകത്തിൽ ഉണ്ടായിരുന്നു. കുടുംബാംഗങ്ങൾ കുട്ടനാട്ടിൽ കൃഷിയെ ചേർത്തുപിടിച്ചപ്പോൾ, സ്വാമിനാഥൻ വേറൊരു വഴിയിലൂടെ കൃഷിയിൽ തന്നെ എത്തി. ബിരുദപഠനത്തിന് ചേർന്നത് കോയമ്പത്തൂർ കാർഷിക കോളജിൽ. കോശ ജനിതക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം എടുത്ത ശേഷം ഡോക്ടറേറ്റും പൂർത്തിയാക്കി. കാർഷിക തറവാട്ടിൽ നിന്ന് കാർഷിക ശാസ്ത്രജ്‍ഞനിലേക്കുള്ള യാത്ര... ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്ന വിശേഷണം വരെ നീണ്ട യാത്ര.  

പ്രളയം, കുട്ടനാട് പാക്കേജ്
അടുത്ത കാലത്താണ് മങ്കൊമ്പിലെ തറവാട്ടു വീടിന്റെ നെൽപ്പുരയിൽ വെള്ളം കയറിയത്. സമുദ്ര നിരപ്പിൽ നിന്നു താഴെ കിടക്കുന്ന കുട്ടനാട്ടിൽ എത്ര വെള്ളം പൊങ്ങിയാലും നെല്ല് നനയരുത് എന്ന കരുതലോടെയാണ് അദ്ദേഹത്തിന്റെ പൂർവികർ വളരെ ഉയരത്തിൽ ആ നെല്ലറ കെട്ടിയത്. അതും സംഭവിച്ചേക്കാമെന്നു സ്വാമിനാഥൻ മുൻപേ കണ്ടു. കുട്ടനാടിന്റെ പ്രതിസന്ധിക്കു വളരെ വർഷങ്ങൾ മുൻപേ അദ്ദേഹം പ്രതിവിധി നിർദേശിച്ചിരുന്നു. 2004 ൽ സ്വാമിനാഥൻ കമ്മിഷൻ തയാറാക്കിയ കുട്ടനാട് പാക്കേജാണ് അത്. 1840 കോടി രൂപയുടെ പദ്ധതികളാണ് ഇതിൽ കമ്മിഷൻ നിർദേശിച്ചത്. പാടശേഖരങ്ങളിൽ മടവീഴ്ച തടയാൻ കോൺക്രീറ്റ് പൈൽ ആൻഡ് സ്ലാബ് സംവിധാനം കൊണ്ടു മട നിർമിക്കലായിരുന്നു പ്രധാന ശുപാർശ.  മങ്കൊമ്പിലെ നെല്ലു ഗവേഷണ കേന്ദ്രം അടക്കം 4 ഗവേഷണ സ്ഥാപനങ്ങളുടെ വികസനത്തിനും വിഹിതം നീക്കിവച്ചു.കുട്ടനാടിനെ ലോക പൈതൃക മേഖലയാക്കി മാറ്റാനും ശ്രമിച്ചു. സ്വാമിനാഥന്റെ നിർദേശപ്രകാരമാണ് ഉമ്മൻ ചാണ്ടി സർക്കാർ കായൽ ഗവേഷണ കേന്ദ്രം രൂപീകരിച്ചത്. കുട്ടനാട് പാക്കേജ് നടപ്പാക്കാനുള്ള കർമപദ്ധതിക്കും സ്വാമിനാഥൻ രൂപം നൽകി. പദ്ധതി ഇപ്പോഴും പൂർണമായി നടപ്പാക്കിയിട്ടില്ല.

സ്വാമിനാഥന്റെ സ്മരണയിൽ ഗവേഷണ കേന്ദ്രം
കാർഷിക സർവകലാശാലയുടെ കീഴിലുള്ള മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന് എം.എസ്. സ്വാമിനാഥനോടുള്ള ആദരമായി അദ്ദേഹത്തിന്റെ പേരു നൽകി. മരണാനന്തരമായിരുന്നു ഈ പ്രഖ്യാപനം. കഴിഞ്ഞ നവംബറിൽ ഇവിടെ നടന്ന സ്വാമിനാഥൻ അനുസ്മരണ യോഗത്തിൽ മന്ത്രി പി.പ്രസാദ് പുതിയ പേര് പ്രഖ്യാപിച്ചു. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ഈ ഗവേഷണ കേന്ദ്രത്തിലെ കെട്ടിടത്തിനും ലാബ് ഉൾപ്പെടെ സൗകര്യങ്ങൾ സജ്ജീക‌രിക്കാനും 4.10 കോടിയാണു നൽകിയത്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി 2008 ൽ സ്വാമിനാഥൻ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രം സന്ദർശിച്ചിരുന്നു. ഒടുവിൽ എത്തിയത് 2015ൽ .

എം.എസ്. സ്വാമിനാഥന്റെ മങ്കൊമ്പിലെ വീട്. (ഫയൽചിത്രം)
എം.എസ്. സ്വാമിനാഥന്റെ മങ്കൊമ്പിലെ വീട്. (ഫയൽചിത്രം)

സന്ദർശകർക്കായി തുറന്നിട്ട് മങ്കൊമ്പിലെ വീട്  
കുട്ടനാട് ∙ പുളിങ്കുന്ന് പഞ്ചായത്ത് 14–ാം വാർഡിലാണ് എം.എസ്. സ്വാമിനാഥന്റെ കുടുംബവീട്. പിതാവ് കുംഭകോണത്തു ഡോക്ടർ ആയിരുന്നതിനാൽ സ്വാമിനാഥൻ ജനിച്ചതും പഠിച്ചതുമെല്ലാം അവിടെ ആയിരുന്നു. പക്ഷേ അവധി നാളുകളിലെല്ലാം മങ്കൊമ്പിലെ തറവാട്ടിലെത്തി. ആ ബന്ധം അവസാനകാലം വരെ തുടർന്നു. അതുകൊണ്ടാകാം, മങ്കൊമ്പിലെ തറവാട് ഇപ്പോഴും സന്ദർശകരെ ആകർഷിക്കുന്നു.അദ്ദേഹത്തിന്റെ മരണശേഷം ഈ വീടു കാണാൻ ഒട്ടേറപ്പേർ മങ്കൊമ്പിൽ എത്തിയിരുന്നു. ഇപ്പോഴും  വന്നുകൊണ്ടിരിക്കുന്നു. സ്വാമിനാഥന്റെ ഗവേഷണങ്ങളും മങ്കൊമ്പ് അതിന് അടിസ്ഥാനമായതും പാഠ്യവിഷയമാക്കിയവരും ഗവേഷണാവശ്യങ്ങൾക്കും വരുന്നുണ്ട്. എന്നാൽ തറവാട് വീട്ടിലേക്കുള്ള വഴി ശോച്യാവസ്ഥയിലാണ്. മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലത്തിൽ നിന്നു തറവാട്ടു വീട്ടിലേക്കുള്ള ഈ റോഡ് നവീകരിച്ചു സ്വാമിനാഥന്റെ പേര് നൽകണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.

''പട്ടിണിയാണു ദാരിദ്ര്യത്തിന്റെ ഭീകരരൂപം. അതിനാൽ പട്ടിണിയില്ലാത്ത ഒരു ഇന്ത്യയുടെയും ലോകത്തിന്റെയും സൃഷ്ടിക്കായി ഞാൻ എന്റെ അധ്വാനം സമർപ്പിക്കുന്നു''

''അമ്പി ചിറ്റപ്പനു (ഡോ. എം.എസ്.സ്വാമിനാഥൻ) മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചതിൽ ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിലാണ്. ചിറ്റപ്പന്റെ സംഭാവനകൾക്കു ലഭിച്ച ആദരവും അംഗീകാരവുമാണ് ഇത്  ''. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com