ADVERTISEMENT

ചേർത്തല∙ എഎസ് കനാൽ ഇനിയെങ്കിലും യാഥാർഥ്യമാക്കി ജില്ലയിലെ ജലഗതാഗതവും ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തണമെന്ന് എഎസ് കനാൽ നിർമാണത്തിന്റെ ആദ്യകാല എൻജിനീയർ വി.വി.പവിത്രൻ.  എഎസ് കനാലിന്റെ വീണ്ടെടുപ്പിനായി ചേർത്തല നഗരസഭ തലങ്ങളിലും സർക്കാർ തലത്തിലും പരിശ്രമങ്ങൾ നടക്കുമ്പോഴാണ് നിർമാണ കാലഘട്ടത്തിൽ എൻജിനീയറായിരുന്ന വി.വി.പവിത്രൻ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തുന്നത്. 




വി.വി. 
പവിത്രൻ
വി.വി. പവിത്രൻ

ചേർത്തല മുതൽ ആലപ്പുഴ വരെ ദേശീയപാതയ്ക്ക് സമാന്തരമായുള്ള എഎസ് കനാൽ 67 വർഷം മുൻപാണ് നിർമാണം തുടങ്ങിയ‌ത്. ഇനിയും പൂർത്തിയാകാതെ കിടക്കുന്ന പദ്ധതി ഇനിയെങ്കിലും യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ഒരുമിച്ചു പ്രവർത്തിക്കണമെന്നാണ് ആവശ്യം മുന്നോട്ട് വയ്ക്കുന്നു.   

സംസ്ഥാന സർക്കാർ നിർദേശമുണ്ടെങ്കിൽ ദേശീയപാത അതോറിറ്റിയുടെ സഹകരണത്തോടെ എഎസ് കനാൽ പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്. നിലവിലെ കനാൽ ചേർത്തലയിൽ തുടങ്ങി കഞ്ഞിക്കുഴിയിൽ ദേശീയപാതയ്ക്ക് പടിഞ്ഞാറു ഭാഗത്താണ് സമാപിക്കുന്നത്. ദേശീയപാത കുറുകെ കടക്കാൻ കഴിയാതെ വന്നതോടെ ആലപ്പുഴയിൽ നിന്ന് ആരംഭിക്കുന്ന കനാൽ കഞ്ഞിക്കുഴി ദേശീയപാതയ്ക്ക് കിഴക്കുഭാഗത്തും സമാപിച്ചു. ദേശീയപാത മുറിക്കാൻ കഴിയാതെ പോയതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ േദശീയപാതയുടെ നിർമാണം നടക്കുന്നതിനാൽ ക‍ഞ്ഞിക്കുഴിയിൽ മേൽപാലം നിർമിച്ചാൽ അന്നുണ്ടായ തടസ്സം ഒഴിവാക്കി കനാൽ യാഥാർഥ്യമാക്കാൻ കഴിയും. 

1957ൽ നാട്ടിൽ ക്ഷാമം നേരിട്ടപ്പോൾ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മ ദീർഘ വീക്ഷണത്തോടെ നടപ്പാക്കിയ പദ്ധതിയാണ് എഎസ് കനാൽ പദ്ധതി.കമ്യുണിസ്റ്റ് തൊഴിലാളി നേതാവായിരുന്ന സി.കെ.വാസുവിന്റെ നേതൃത്വവും ആയിരത്തിലധികം തൊഴിലാളികളുടെ  അധ്വാനവും ഉദ്യോഗസ്ഥരുടെ അർപ്പണ മനോഭാവവുമാണ് കനാൽ നിർമാണത്തിനു തുടക്കമിട്ടത്. 

എ.എസ് കനാൽ പദ്ധതി
ചേർത്തലയിൽ നിന്നും ആലപ്പുഴയിൽ നിന്നും ഇറിഗേഷൻ വകുപ്പിന്റെ രണ്ടു ഡിവിഷന്റെ കീഴിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. ‌ഇരുവശങ്ങളും വേമ്പനാട് കായലുമായി ബന്ധിപ്പിക്കുന്ന തരത്തിലായിരുന്നു പദ്ധതി.  25 കിലോമീറ്റർ നീളത്തിൽ 20 മീറ്ററോളം വീതിയിലും നിർമാണം തുടങ്ങി. ഇരുഭാഗങ്ങളിലും ഉണ്ടായിരുന്ന ചെറുതോടുകൾ വീതി കൂട്ടി അതിനോടു ചേർത്തു പുതിയ കനാൽ നിർമിക്കുകയായിരുന്നു ലക്ഷ്യം. മൂന്നു വർഷമെടുത്താണ് ഇരു ഭാഗത്തു നിന്നുള്ള കനാൽ കഞ്ഞിക്കുഴിവരെ എത്തിച്ചത്. ഇരു ഭാഗങ്ങളിലും പത്തോളം പാലങ്ങൾ ഉണ്ടായിരുന്നെങ്കിലും കഞ്ഞിക്കുഴിയിൽ ദേശീയപാത തടസ്സമായതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്.

English Summary:

This article features the insights of V.V. Pavithran, a key figure in the AS Canal project, who emphasizes the significant opportunities the canal presents for boosting water transportation and tourism in the district. His perspective sheds light on the potential economic and developmental benefits of maximizing the canal's utilization.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com