ദേശീയ ബധിര ബാഡ്മിന്റൻ: വെള്ളി നേടിയ ഭരത് കൃഷ്ണൻ രാജ്യാന്തര മത്സരത്തിന്

Mail This Article
അമ്പലപ്പുഴ∙ ദേശീയ ബധിര ബാഡ്മിന്റൻ അസോസിയേഷൻ നടത്തിയ ദേശീയ ബാഡ്മിന്റൻ മത്സരത്തിൽ കേരളത്തിനായി വെള്ളി മെഡൽ നേടിയ ഭരത് കൃഷ്ണൻ രാജ്യാന്തര മത്സരത്തിനുള്ള തയാറെടുപ്പിൽ. സംസ്ഥാന മത്സരത്തിൽ സ്വർണം നേടിയാണ് അഹമ്മദാബാദിൽ നടന്ന ദേശീയ മത്സരത്തിന് ഭരത് കൃഷ്ണൻ യോഗ്യത നേടിയത്. അമ്പലപ്പുഴ കോമന ഭാവനാലയത്തിൽ സോമേഷിന്റെയും ബിജിയുടെയും ഇളയ മകനാണ് തിരുവല്ല സിഎസ്ഐ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഭരത് കൃഷ്ണൻ.
കുട്ടിക്കാലം മുതൽ ഭരത് കൃഷ്ണന് ബാഡ്മിന്റനിൽ തോന്നിയ താൽപര്യം മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചു. അമ്പലപ്പുഴയിലെ സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. ചെസ്സിലും, തടിയിൽ ശിൽപങ്ങൾ ഒരുക്കുന്നതിലും ഭരത് കൃഷ്ണൻ മികവു കാണിക്കുന്നുണ്ട്. ഭരത് കൃഷ്ണന്റെ സഹോദരി ഭാവന പ്ലസ് വൺ വിദ്യാർഥിനിയാണ്.