ആദ്യ വേനൽമഴയിൽ തന്നെ മുങ്ങി ബെംഗളൂരു നഗരം; പലയിടത്തും ഓടകൾ അടഞ്ഞ് വെള്ളക്കെട്ട്

Mail This Article
ബെംഗളൂരു ∙ ആദ്യ വേനൽമഴയിൽ തന്നെ നഗരത്തിൽ മരങ്ങൾ വീണു, റോഡുകളിൽ വെള്ളം പൊങ്ങി. മാലിന്യം നിറഞ്ഞ് ഓടകൾ അടഞ്ഞതോടെ പ്രധാന റോഡുകളിലും മേൽപാലങ്ങളിലും ഉൾപ്പെടെ വെള്ളം നിറഞ്ഞത് ഗതാഗതത്തെ സാരമായി ബാധിച്ചു. നഗരത്തിലെ ഓടകളുടെ ശുചീകരണം അവതാളത്തിലായതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. മെട്രോ, സബേർബൻ പാതകളുടെ നിർമാണം, വൈറ്റ് ടോപ്പിങ് എന്നിവ നടക്കുന്ന ഇടങ്ങളിൽ ഓടകൾ അടഞ്ഞതു വെള്ളത്തിന്റെ ഒഴുക്കിനെ സാരമായി ബാധിച്ചു. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പൊട്ടിയ വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കൽ ഇപ്പോഴും തുടരുകയാണ്.
വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ യെലഹങ്ക മേൽപാലം, കൊഗിലു ക്രോസ്, ഹുൻസമാരനഹള്ളി എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. യെലഹങ്കയിൽ മാത്രം 45 മില്ലിമീറ്റർ മഴയാണ് ശനിയാഴ്ച രാത്രി പെയ്തത്. ഔട്ടർ റിങ് റോഡിൽ ബെലന്തൂർ, നാഗവാര, കസ്തൂരി നഗർ, രാമമൂർത്തിനഗർ, കല്യാൺ നഗർ, ടിൻ ഫാക്ടറി, ഹൊസൂർ റോഡിൽ കൊടത്തി, പാരപ്പന അഗ്രഹാര, റായസന്ദ്ര, രൂപേന അഗ്രഹാര എന്നിവിടങ്ങളിലും വെള്ളം കയറി.
20 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ബെംഗളൂരുവിൽ ഇറങ്ങേണ്ടിയിരുന്ന 20 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 18 ആഭ്യന്തര സർവീസുകളും 2 രാജ്യാന്തര സർവീസുകളുമാണ് കോയമ്പത്തൂർ, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടത്. ബെംഗളൂരുവിൽനിന്നുള്ള 10 വിമാനങ്ങൾ അരമണിക്കൂർ വരെ വൈകിയാണ് പുറപ്പെട്ടത്.