പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി

Mail This Article
പറവൂർ ∙ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി. സരസ്വതി മണ്ഡപത്തിൽ ആരംഭിച്ച സംഗീതോത്സവം സംഗീതജ്ഞ പ്രിയ ആർ.പൈ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് പി.കെ.അറുമുഖൻ അധ്യക്ഷനായി. പറവൂർ തമ്പുരാൻ പൃഥ്വിരാജ് രാജ, കൗൺസിലർ ഇ.ജി.ശശി, ഡോ.സി.എം.രാധാകൃഷ്ണൻ, എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് ജി.ജയശങ്കർ, ടി.എസ്.ദേവൻ, ഉപദേശകസമിതി സെക്രട്ടറി രമേഷ്കുമാർ പി.കുറുപ്പ് എന്നിവർ പ്രസംഗിച്ചു. വിജയദശമി ദിനം വരെ അഷ്ടാഭിഷേകം, ചിറപ്പ്, കളഭാഭിഷേകം എന്നിവയുണ്ടാകും. ദിവസവും അത്താഴപൂജയ്ക്കു ശേഷം വിശേഷാൽ കഷായം വിതരണം ചെയ്യും. സംഗീതോത്സവത്തിൽ സംഗീതക്കച്ചേരി, ഭജൻസന്ധ്യ, വാദ്യസംഗീത പരിപാടികൾ, നൃത്തം എന്നിവയുണ്ടാകും.
30നു വൈകിട്ട് 5നു സാംസ്കാരിക സമ്മേളനം തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അധ്യക്ഷനാകും. ഒക്ടോബർ 2നു വൈകിട്ടാണു പൂജവയ്പ്. വിജയദശമി ദിനമായ 5നു പുലർച്ചെ 4നു പൂജയെടുപ്പ്, 4.30നു വിദ്യാരംഭം. സരസ്വതീപൂജ, ശ്രീവിദ്യാമന്ത്രാർച്ചന, ഭഗവതിസേവ എന്നീ പ്രധാന വഴിപാടുകൾ നടത്താനും വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്താനും ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലെത്തും. തിരുവതാംകൂർ ദേവസ്വം ബോർഡും ക്ഷേത്രോപദേശക സമിതിയും ചേർന്നാണ് ഉത്സവത്തിനു നേതൃത്വം നൽകുന്നത്.