ഗ്രാമീണ സൗന്ദര്യം അടുത്തറിയാൻ; സഞ്ചാരികളെത്തും അങ്ങ് ഫ്രാൻസിൽ നിന്ന്!

Mail This Article
മുളന്തുരുത്തി ∙ ജില്ലയുടെ തെക്കൻ മേഖലയിലെ ഗ്രാമീണ സൗന്ദര്യവും സംസ്കാരവും അടുത്തറിയാൻ അടുത്ത ടൂറിസം സീസണിൽ ഫ്രാൻസിൽ നിന്നുള്ള സഞ്ചാരികളെത്തും. മുളന്തുരുത്തി ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി നടപ്പാക്കുന്ന ടൂറിസം സർക്യൂട്ട് സന്ദർശിക്കാനാണു സഞ്ചാരികൾ എത്തുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ഫ്രാൻസിൽ നിന്നുള്ള ടൂർ ഓപ്പറേറ്ററും സംഘവും മേഖലയിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.
ടൂർ ഓപ്പറേറ്റർമാരായ അമാൻഡ മുററ്റ്, ഉമേഷ് ശർമ എന്നിവർ തിരുമറയൂർ ക്ഷേത്രം, തിരുമറയൂർ പാടശേഖരം, വെളിയനാട് മേൽപാഴൂർ മന, ആമ്പല്ലൂർ പഞ്ചായത്തിലെ ഞണ്ടുകാട് തുരുത്ത്, പരമ്പരാഗത രീതിയിൽ കൊല്ലപ്പണി ചെയ്യുന്ന ആമ്പല്ലൂർ സ്വദേശി വേലായുധന്റെ ആല, മുളന്തുരുത്തി കൈത്തറി സഹകരണ സംഘം, ഉദയംപേരൂർ പഞ്ചായത്തിലെ പനച്ചിക്കൽ ഫിഷ് ലാൻഡിങ് സെന്റർ എന്നിവിടങ്ങൾ സന്ദർശിച്ചു. കുടുംബശ്രീ അംഗങ്ങളുടെ കൈകൊട്ടിക്കളിയും സംഘം ആസ്വദിച്ചു.അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി ഓരോ പഞ്ചായത്തിലും 10 ഹോംസ്റ്റേകൾ സജ്ജീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പ് ഉപദേശക സമിതിയംഗം എം.പി.ശിവദത്തൻ, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, പഞ്ചായത്തംഗങ്ങളായ ജൂലിയ ജയിംസ്, ബിനു പുത്തേത്ത്മ്യാലിൽ, ജലജ മണിയപ്പൻ, ജലജ മോഹനൻ, അസീന ഷാമൽ, സെന്റ് തെരേസാസ് കോളജ് പ്രോഗ്രാം കോഓർഡിനേറ്റർ ജോഷി വർഗീസ് തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു.