നെടുമ്പാശേരി വിമാനത്താവളത്തിൽ കാർ ക്യൂ നീളുന്നു; സൗജന്യ സമയം പാളുന്നു, വാഹനങ്ങൾക്ക് ധനനഷ്ടം
Mail This Article
നെടുമ്പാശേരി ∙ വിമാനത്താവളത്തിൽ ടാക്സികൾക്ക് ഏർപ്പെടുത്തിയ ഫാസ്റ്റാഗ് സംവിധാനത്തിൽ കുരുങ്ങി സ്വകാര്യ വാഹനങ്ങൾക്ക് ധനനഷ്ടം. നിശ്ചിത സമയത്തിനുള്ളിൽ പുറത്ത് കടക്കാൻ കഴിഞ്ഞാലും കൗണ്ടറിലെ തിരക്കു മൂലം സമയം അവസാനിക്കുകയും തുക നൽകേണ്ടി വരികയാണെന്നും പലരും പരാതിപ്പെട്ടു. വിമാനത്താവളത്തിൽ ആളെ എടുക്കാനും ഇറക്കാനുമെത്തുന്ന സ്വകാര്യ കാറുകൾക്ക് 10 മിനിറ്റ് സമയം സൗജന്യമാണ്. ആളെ എടുക്കുകയോ, ഇറക്കുകയോ ചെയ്ത ശേഷം തിരികെ പോകാൻ സൗജന്യ സമയം അവസാനിക്കുന്നതിന് മുൻപ് എത്തിയാലും കൗണ്ടറിൽ വലിയ തിരക്കായിരിക്കും.
തിരക്കുള്ളപ്പോൾ ഫീസ് അടയ്ക്കാതെ തന്നെ വാഹനങ്ങൾ കടത്തി വിടണമെന്ന ദേശീയപാതയിലെ നിർദേശം ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും വാഹന ഉടമകൾ പരാതിപ്പെട്ടു. ക്യൂവിൽ കിടക്കുന്ന സമയം കൂടി കണക്കിലെടുത്ത് 10 മിനിറ്റിലധികമായി എന്ന് കാണിച്ച് ഫാസ്റ്റാഗിൽ നിന്ന് ചാർജ് ചെയ്യുകയാണ്. ഫാസ്റ്റാഗിൽ നിന്ന് പണം കുറയുന്നത് പലരും ശ്രദ്ധിക്കുന്നില്ലെങ്കിലും പാർക്കിങ് ഫീസ് പിരിക്കുന്നിടത്തു ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടി പലപ്പോഴും തർക്കവുമുണ്ടാകുന്നുണ്ട്. ഒരു ദിവസം മുഴുവൻ പാർക്ക് ചെയ്യുന്നതിന് കാറുകൾക്ക് 250 രൂപയായിരുന്നതു 350 രൂപയാക്കി വർധിപ്പിച്ചതിലും യാത്രക്കാർക്ക് പ്രതിഷേധമുണ്ട്.
പുതിയ സംവിധാനം നിലവിൽ വന്നിട്ട് ഒരാഴ്ചയായതേ ഉള്ളൂ എന്നതിനാൽ കൗണ്ടറിൽ തിരക്ക് കൂടുമ്പോൾ പണം വാങ്ങാതെ തന്നെ വാഹനങ്ങളെ കടത്തിവിടാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് സിയാൽ അധികൃതർ പറഞ്ഞു. ചില ബാങ്കുകൾ ഇഷ്യൂ ചെയ്തിട്ടുള്ള ഫാസ്റ്റാഗുകൾ ദേശീയപാതയിൽ മാത്രം അംഗീകരിക്കുന്ന തരത്തിലുള്ളതാണ്. ഏതാണ്ട് 30 ശതമാനത്തോളം ഫാസ്റ്റാഗുകൾ ഇത്തരത്തിൽ ഉള്ളതായതിനാൽ ഫീസ് പിരിക്കുന്നതിന് ചില സാങ്കേതികത്തകരാറുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ശ്രമം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.