പറവൂർ കൂട്ടക്കൊലക്കേസ് പ്രതിക്കു നേരെ നാട്ടുകാരുടെ രോഷം; ഒരാൾ ഇഷ്ടികയുമായി പാഞ്ഞടുത്തു

Mail This Article
പറവൂർ ∙ ചേന്ദമംഗലം പേരേപ്പാടത്തെ കൂട്ടക്കൊല കേസിലെ പ്രതി ചേന്ദമംഗലം പേരേപ്പാടം കണിയാപറമ്പിൽ ഋതുവിന് (27) നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. വെള്ളിയാഴ്ച വൈകിട്ട് ഋതുവിനെ പൊലീസ് പറവൂർ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ജീപ്പിൽ നിന്ന് ഇറക്കിയപ്പോൾ തന്നെ ചിലർ ഇയാൾക്കു നേരെ പാഞ്ഞടുത്തെങ്കിലും പൊലീസ് വേഗം കോടതിയുടെ അകത്തേക്ക് കയറ്റി. സംഘർഷാവസ്ഥ ഉണ്ടാകുമെന്നു തിരിച്ചറിഞ്ഞ പൊലീസ് കോടതിയുടെ തൊട്ടടുത്തേക്ക് ജീപ്പ് നീക്കിയിട്ടു. കോടതിയിൽ നിന്നു ഋതുവിനെ പുറത്തേക്ക് ഇറക്കിയപ്പോൾ പുറത്തു നിന്നവർ ഇയാൾക്കു നേരെ ആക്രോശിച്ചു. ഒരു കുടുംബത്തെ ഇല്ലാതാക്കിയ ക്രൂരതയോട് രൂക്ഷമായാണ് അവിടെ കൂടിയവർ പ്രതികരിച്ചത്. ഒരാൾ ഇഷ്ടികയുമായി പാഞ്ഞടുത്തു. പൊലീസ് വളരെ പണിപ്പെട്ടാണ് ഋതുവിനെ ജീപ്പിലേക്കു കയറ്റി കൊണ്ടുപോയത്. പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു.
ഋതുവിന് മാനസിക വൈകല്യം ഇല്ലെന്നു പൊലീസ് വ്യക്തമാക്കി. കൊലപാതക സമയത്ത് ഇയാൾ ലഹരിയിലായിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനമെന്നു മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ പറഞ്ഞു. ഋതു ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടില്ല. മാനസിക ചികിത്സയ്ക്കുള്ള സർട്ടിഫിക്കറ്റ് ഇയാൾക്ക് ഉള്ളതായി പൊലീസിന് രേഖകളൊന്നും ലഭിച്ചിട്ടില്ല. കൊല നടത്തിയതിൽ കുറ്റബോധമില്ലാത്ത തരത്തിലാണ് പ്രതിയുടെ പെരുമാറ്റമെന്നു പൊലീസ് പറഞ്ഞു. തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നൽകും.
ഋതു ആദ്യം ആക്രമിച്ചത് വിനീഷയെയാണ്. പിന്നാലെ വേണുവിനെയും ഉഷയെയും മർദിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചത്. കൊല്ലപ്പെട്ട 3 പേർക്കും മുഖത്തും തലയിലുമാണ് പരുക്ക്. കഴുത്തിനു താഴെ കാര്യമായ പരുക്കുകളില്ല. വേണുവിന്റെ തലയിൽ ആറും വിനീഷയുടെ തലയിൽ നാലും ഉഷയുടെ തലയിൽ മൂന്നും മുറിവുകളുണ്ട്. കൊലയ്ക്ക് ശേഷം ജിതിന്റെ ബൈക്കുമായി പോകുന്നതിനിടെ പ്രതി നാട്ടുകാരിൽ ചിലരോട് 4 പേരെ തീർത്തെന്നു പറഞ്ഞിരുന്നു. ഹെൽമറ്റ് വയ്ക്കാതെ സിഗരറ്റ് വലിച്ചു കൊണ്ട് ബൈക്കിൽ പോകുന്നതു കണ്ടു വഴിയിൽ വച്ചു വടക്കേക്കര പൊലീസ് കൈ കാണിച്ചു. എന്നാൽ, നിർത്താതെ പോയ ഋതു തിരികെ വന്നു താൻ 4 പേരെ കൊന്നതായി പൊലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
രാത്രിയിൽ ചുറ്റിത്തിരിയുന്ന ഋതു
പറവൂർ∙ രാത്രികളിൽ ഉറക്കമില്ലാതെ ചുറ്റിത്തിരിയുന്നതും മതിലിൽ ചവിട്ടിക്കയറി പരിസരത്തെ വീടുകളുടെ ടെറസിനു മുകളിൽ എത്തുന്നതും ചേന്ദമംഗലം ഇരട്ടക്കൊല കേസിലെ പ്രതി ഋതുവിന്റെ പതിവായിരുന്നെന്നു നാട്ടുകാർ. മറ്റുള്ളവരുടെ വീട്ടിലേക്കു കല്ലെടുത്തെറിയുക, സിഗരറ്റ് വലിച്ച ശേഷം കുറ്റി അയൽപക്കത്തെ വീട്ടിലേക്ക് വലിച്ചെറിയുക, വീടുകളിൽ കയറിച്ചെന്നു ഭീഷണി മുഴക്കുക, ഫോൺ ചെയ്തു നിൽക്കുന്നവരുടെ ഫോൺ തട്ടിപ്പറിക്കുക തുടങ്ങിയവയും ചെയ്തിരുന്നു. ഒരാളുടെ വീട്ടിലെ വളർത്തുപൂച്ച ഇയാൾക്ക് ശല്യമാകുന്നു എന്നു പറഞ്ഞ് ഇരുമ്പു വടിയുമായി അവിടെ കയറിച്ചെന്നു ഭീഷണി മുഴക്കിയതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പരാതി പറയുന്നവരെ വെട്ടിക്കൊല്ലും, പെട്രോൾ ഒഴിച്ചു കത്തിക്കും എന്നുള്ള ഭീഷണിയും മുഴക്കിയിരുന്നു.

കുട്ടികൾക്ക് സംരക്ഷണം നൽകും: വി.ഡി.സതീശൻ
പറവൂർ ∙ അയൽവാസിയുടെ ആക്രമണത്തിൽ മരിച്ച വിനീഷയുടെയും ഗുരുതര പരുക്കേറ്റ ജിതിന്റെയും മക്കൾക്കു പൂർണ സംരക്ഷണം നൽകുമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ച വീട് സന്ദർശിച്ച അദ്ദേഹം കുട്ടികളെയും ബന്ധുക്കളോടും ആശ്വസിപ്പിച്ചു. ചേന്ദമംഗലത്ത് ഉണ്ടായത് വലിയ ദുരന്തമാണ്. 2 പെൺകുഞ്ഞുങ്ങൾ മാത്രമാണ് ആ കുടുംബത്തിൽ പരുക്കേൽക്കാതെ ബാക്കിയുള്ളത്. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് കുടുംബത്തെ ആക്രമിച്ചത്. ഇയാളിൽ നിന്നു നിരന്തരമായി ഭീഷണി ഉണ്ടായിരുന്നതായി പൊലീസിന് അറിയാമായിരുന്നു. ആർക്കും സുരക്ഷിതത്വം ഇല്ലാത്ത സ്ഥിതിയാണ്. ജിതിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ വേണ്ട ഇടപെടൽ നടത്തിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.