ജി.ബി സിൻഡ്രോം; ചികിത്സാ സഹായം തേടി ഗൃഹനാഥൻ

Mail This Article
രാജാക്കാട്∙ രോഗദുരിതങ്ങളുടെ നടുക്കടലിലായ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. രാജാക്കാട് ആദിത്യപുരം കോളനിയിലെ താമസക്കാരനായ പുത്തൻപുരയ്ക്കൽ സതീഷ് (42) ആണ് ജീവൻ നിലനിർത്താൻ സഹായം തേടുന്നത്. മാങ്കുളത്ത് ഓട്ടോ ഡ്രൈവറായിരുന്ന സതീഷ് 2024 ഫെബ്രുവരിയിൽ ചുമയ്ക്ക് മരുന്നു വാങ്ങാനായി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പോയി. ഇവിടെ നിന്ന് കുത്തിവയ്പ്പെടുത്തതിന് ശേഷം ശാരീരിക അസ്വസ്ഥതകളുണ്ടായി. ശരീരത്തിൽ നീര് വയ്ക്കുകയും തളർച്ച അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം കണ്ടെത്താനായില്ല.
പിന്നീട് ആലുവയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ജി.ബി സിൻഡ്രോം എന്ന അസുഖമാണെന്ന് സ്ഥിരീകരിച്ചത്. 28 ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ സതീഷിന് തുടർചികിത്സയ്ക്കായി മാങ്കുളത്തെ വീടും പുരയിടവും വിൽക്കേണ്ടി വന്നു. തുടർന്ന് രാജാക്കാട് ആദിത്യപുരത്തെ ഭാര്യവീട്ടിലേക്ക് താമസം മാറി. മാങ്കുളത്തും മുൻപ് താമസിച്ച ആനച്ചാലിലുമുള്ള സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് തുടർന്നുള്ള ചികിത്സ നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാനുള്ള പണമില്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് ചികിത്സ മാറ്റി. എന്നാൽ കൂടുതൽ ചെലവ് വരുന്ന കുത്തിവയ്പ്പിനുള്ള മരുന്ന് പുറത്തുനിന്നു വാങ്ങണം. മാസത്തിലാെരിക്കൽ 60,000 രൂപ ചെലവ് വരുന്ന കുത്തിവയ്പ്പെടുക്കണം. 20,000 രൂപയോളം മറ്റ് മരുന്നുകൾക്കും ചെലവ് വരും.
വൻകുടൽ മുറിച്ച് വയറിന്റെ വലതു വശത്ത് സ്ഥാപിച്ചിരിക്കുന്ന കാെളസ്ട്രം ബാഗിലാണ് വിസർജ്യം ശേഖരിച്ച് കളയുന്നത്. മൂത്രം പോകുന്നതിനായി യൂറിൻ ബാഗും ഉപയോഗിക്കുന്നു. 10 കാളെസ്ട്രം ബാഗിന് 9000 രൂപ നൽകണം. അടിമാലിയിലെ ഒരു മെഡിക്കൽ ഷോപ്പിൽ നിന്ന് ഏറെ കാലം മരുന്നുകൾ കടമായി ലഭിച്ചിരുന്നു. ഒരാഴ്ചയായി ഇതും നിലച്ചു. ഭാര്യ മഞ്ജു, വയോധികയായ അമ്മ ശാന്ത, മഞ്ജുവിന്റെ അമ്മ അമ്മിണി, വിദ്യാർഥികളായ 3 മക്കൾ എന്നിവരാണ് ആദിത്യപുരത്തെ 2 മുറി വീട്ടിൽ സതീഷിനാെപ്പം താമസിക്കുന്നത്. അമ്മിണി കൂലിപ്പണിക്ക് പോകുന്നതും റേഷൻ അരി ലഭിക്കുന്നതും കൊണ്ടാണ് പട്ടിണിയില്ലാതെ ജീവിക്കുന്നത്. എന്നാൽ ജീവനും ജീവിതവും നിലനിർത്താൻ ഇനി ആരെങ്കിലുമാെക്കെ സഹായിക്കണം. സതീഷിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ :
അക്കൗണ്ട് പേര് : സതീഷ്
ഫെഡറൽ ബാങ്ക്, മാങ്കുളം ശാഖ
അക്കൗണ്ട് നമ്പർ : 22180100057854
ഐഎഫ്‌സി കോഡ് : എഫ്‌ഡിആർഎൽ 0002218
ഫോൺ നമ്പർ : 8078494261