ചിന്നക്കനാലിൽ മാലിന്യം കത്തി; തീ കെടുത്താൻ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

Mail This Article
ചിന്നക്കനാൽ ∙ 2023 മാർച്ച് 3ന് എറണാകുളം ബ്രഹ്മപുരത്ത് മാലിന്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ അനുസ്മരിപ്പിച്ച് ചിന്നക്കനാലിൽ മാലിന്യക്കൂമ്പാരത്തിൽ തീപിടിത്തം. മാലിന്യ പ്ലാന്റ് നിർമിക്കാൻ അനുവദിച്ച സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ ശനിയാഴ്ച രാത്രിയാണ് തീ പടർന്നതെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച പകലും രാത്രിയും തീ കത്തി. ഇന്നലെയും ഇവിടെ നിന്ന് പുക ഉയർന്നു കാെണ്ടിരുന്നു. നാട്ടുകാർ അറിയിച്ചെങ്കിലും തീ കെടുത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
പ്ലാസ്റ്റിക് മാലിന്യത്തിൽ തീ പടർന്നതിനെ തുടർന്ന് പുറത്തു വരുന്ന വിഷവാതകങ്ങൾ പരിസ്ഥിതിയെയും മനുഷ്യരെയും ബാധിക്കുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. അലക്ഷ്യവും അശാസ്ത്രീയവുമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്തതാണ് വിനോദ സഞ്ചാര കേന്ദ്രമായ ചിന്നക്കനാലിൽ സംഭവിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
പ്ലാസ്റ്റിക് വിഷപ്പുക
ഡയോക്സിൻസ്, ഫുറാൻ, മെർക്കുറി, സൾഫ്യൂരിക് ആസിഡ്, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിങ്ങനെ മനുഷ്യരെയും മൃഗങ്ങളെയും ഒരു പോലെ അപകടത്തിലാക്കുന്ന വാതകങ്ങളാണ് പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിൽ കലരുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ള സ്റ്റെറിൻ ശ്വസിക്കുന്നത് ശ്വാസകോശ കാൻസറിന് കാരണമായേക്കാം. വായു, വെള്ളം, മണ്ണ് എന്നിവയിൽ ഇൗ രാസഘടകങ്ങൾ ദീർഘകാലം നശിക്കാതെ കിടക്കും.