ജൽജീവൻ പദ്ധതിക്കായി റോഡ് പൊളിച്ചു; പിന്നെ ഈ വഴി കണ്ടിട്ടില്ല

Mail This Article
നെടുങ്കണ്ടം ∙ ജൽജീവൻ പദ്ധതിക്കായി സംസ്ഥാന പാത പൊളിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നന്നാക്കിയില്ല. അപകട ഭീഷണിയായ റോഡ് പുനഃസ്ഥാപിക്കാൻ നടപടിയില്ല. കുമളി-മൂന്നാർ സംസ്ഥാന പാതയിൽ പാമ്പാടുംപാറ പഞ്ചായത്ത് കാര്യാലയത്തിനു മുൻപിലാണ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്.ഒരു വർഷത്തോളമായി ശുദ്ധജല പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഗ്രാമീണ- സംസ്ഥാന റോഡുകളും സ്വകാര്യ റോഡുകളും പൊളിച്ചു. എന്നാൽ ഹോസുകൾ സ്ഥാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കിയിട്ടില്ല. ഇത്തരത്തിൽ സംസ്ഥാന പാതയോരത്ത് മാത്രം കിലോമീറ്ററുകൾ ദൂരത്തിലാണ് വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചത്. വിനോദ സഞ്ചരികളുടേതുൾപ്പെടെ ദിവസവും നൂറുകണക്കിനു ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണിത്.
വീതി കുറഞ്ഞ സ്ഥലങ്ങളിൽ ഒരടി മുതൽ മൂന്നടി ആഴത്തിലാണ് പൈപ്പ് മൂടിയ കുഴികൾ. റോഡിനു സമീപം റിബൺ കെട്ടി തിരിച്ചതൊഴിച്ചാൽ മറ്റു സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല.സമ്പൂർണ കുടിവെള്ള പദ്ധതിക്കു വേണ്ടി 76 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. എന്നാൽ കരാറെടുത്ത സ്വകാര്യ വ്യക്തികൾ ഓടകൾ കോൺക്രീറ്റ് ചെയ്തു മൂടാൻ തയാറാകുന്നില്ല. പൈപ്പ് സ്ഥാപിക്കുന്നതിനായി സ്വകാര്യ വ്യക്തികളുടെ വീടുകളിലേക്കുള്ള വഴികളും പൊളിച്ചു കളഞ്ഞതല്ലാതെ കോൺക്രീറ്റ് ചെയ്തു നൽകാൻ കരാറുകാർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.