`മൂന്നാർ – ഉദുമൽപേട്ട റോഡിൽ എൻട്രി ഫീസ്; പ്രതിഷേധം

Mail This Article
മറയൂർ ∙ സംസ്ഥാനപാതയായ മൂന്നാർ – ഉദുമൽപേട്ട റോഡിൽ ടോൾ ഗേറ്റിന് സമാനമായി സ്ഥാപിച്ച് പ്രവേശന ഫീസ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് മറയൂർ ടൗൺ റോഡ് ഉപരോധിച്ചു. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലുള്ള തമിഴ്‌നാട് ആനമലൈ കടുവാ സങ്കേതത്തിന്റെ കവാടത്തിലാണ് ഫാസ്‌ടാഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 3 വർഷമായി വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കു രസീത് നൽകി പ്രവേശന ഫീസ് ഈടാക്കി വരികയായിരുന്നു.
അടുത്തയിടെയാണ് ടോൾ ഗേറ്റിനു സമാനമായി എൻട്രി ഫീസ് ഈടാക്കാൻ തുടങ്ങിയത്. തുടർന്ന് കഴിഞ്ഞ ദിവസം മുതൽ പ്രതിഷേധം ശക്തമായി. ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയും കാർ ഉൾപ്പെടെയുള്ള ലൈറ്റ് വാഹനങ്ങൾക്ക് 50 രൂപയും ബസുകൾക്കും ഭാരവാഹനങ്ങൾക്കും 100 രൂപയുമാണ് ഫീസ്. സംസ്ഥാനപാതയിൽ ഫാസ്‌ടാഗ് സംവിധാനം നടപ്പാക്കി പ്രാദേശിക യാത്രകൾക്കു ഫീസ് ഈടാക്കാൻ വനംവകുപ്പിന് അനുവാദമില്ല. തമിഴ്‌നാട് വനംവകുപ്പ് നടപടിയിൽ നിന്ന് പിന്നാക്കം പോകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.