ജനതാ കർഫ്യൂ; കൈകോർത്ത് കണ്ണൂർ

Mail This Article
കണ്ണൂർ∙ ജനതാ കർഫ്യൂവിനോടു പൂർണമായി കൈകോർത്തു കണ്ണൂർ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനു വേണ്ടിയുള്ള ഒറ്റപ്പെടൽ തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ ജനം ഏറ്റെടുത്തു. ജില്ലയിൽ നിരത്തിലിറങ്ങിയത് വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രം. ആശുപത്രി, മെഡിക്കൽ ഷോപ് പോലെയുള്ള അവശ്യ സേവനങ്ങൾക്കായി മാത്രമാണു ജനം റോഡിലിറങ്ങിയത്.

പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം വീട്ടിലിരുന്നും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം വീടും പരിസരവും ശുചിയാക്കിയും ജനം ജനതാ കർഫ്യൂ അർഥവത്താക്കി. നോമ്പുകാലത്തെ ഞായറാഴ്ചയായിരുന്നിട്ടും ദേവാലയങ്ങൾ വിശ്വാസികളെ പങ്കെടുപ്പിച്ചുള്ള കുർബാന ഒഴിവാക്കി കർഫ്യൂവുമായി സഹകരിച്ചു. വൈദികരും ശുശ്രൂഷക്കാരും മാത്രം പങ്കെടുത്ത കുർബാനയാണു ദേവാലയങ്ങളിൽ നടന്നത്.
ബസ് സർവീസുകളും ഓട്ടോറിക്ഷാ സർവീസുകളും നിർത്തിവച്ചു. പെട്രോൾ പമ്പുകൾ തുറക്കണമെന്ന് എണ്ണക്കമ്പനികൾ നിർദേശിച്ചിരുന്നെങ്കിലും ജില്ലയിൽ എവിടെയും പമ്പുകൾ തുറന്നില്ല. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമാണു തുറന്നിരുന്നത്. മയ്യിൽ, തലശ്ശേരി ഉൾപ്പെടെ ചില മേഖലകളിൽ മെഡിക്കൽ ഷോപ്പുകളും അടഞ്ഞുകിടന്നു.
പാനൂരിൽ അഗ്നിശമന സേന ബസ് സ്റ്റാൻഡ് പൂർണമായി അണുവിമുക്തമാക്കി.പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടെ ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഡോക്ടർമാരും ജീവനക്കാരും ഏതാനും രോഗികളും മാത്രമാണ് എത്തിയത്. മിക്ക പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഒരാൾ പോലും ചികിത്സയ്ക്കെത്തിയില്ല.
കണ്ണൂർ നഗരത്തിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു മാത്രമാണ് റോഡിൽ കൂടുതൽ ആളുകളെ കാണാനായത്. ചരക്കുലോറികളും മറ്റും രാവിലെ ഏഴിന് ഓട്ടം അവസാനിപ്പിച്ചു ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ടു. കൂട്ടം കൂടിയതിനും കർഫ്യൂ ലംഘിച്ചതിനും ജില്ലയിൽ എവിടെയും കേസെടുത്തില്ല.