മെഡിക്കൽ കോളജിൽ 768 തസ്തികകൾ

Mail This Article
പരിയാരം ∙ മെഡിക്കൽ കോളജിൽ പുതുതായി അനുവദിച്ച 768 തസ്തികകൾ ആരോഗ്യ മേഖലയിലെ മുന്നേറ്റത്തിനു വഴി തുറക്കും. കണ്ണൂർ, കാസർകോട് ജില്ലയിലെ സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പരിയാരം ഗവ.മെഡിക്കൽ കോളജിൽ പുതുതായി 100 ഡോക്ടർമാർ അടക്കമാണ് 768 തസ്തിക സർക്കാർ അനുവദിച്ചത്. ഈ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്താനായാൽ സർക്കാരിനും വലിയ നേട്ടമാകും.
1200 രോഗികൾക്കു കിടത്തിച്ചികിത്സയും 11 സൂപ്പർ സ്പെഷ്യൽറ്റി, 11 സ്പെഷ്യൽറ്റി, മെഡിക്കൽ പിജി തുടങ്ങിയ മെഡിക്കൽ കോഴ്സും സൗകര്യമുള്ള പരിയാരം മെഡിക്കൽ കോളജിൽ ആവശ്യമായ ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കാൻ ചില വിഭാഗത്തിൽ അധ്യാപകരായ ഡോക്ടർമാർ നിലവിലില്ല. പുതിയ തസ്തികകൾ അനുവദിച്ചതോടെ ഈ പ്രതിസന്ധിക്കു പരിഹാരമാകും.
സഹകരണ മേഖലയിലുണ്ടായിരുന്ന പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റു സർക്കാർ മെഡിക്കൽ കോളജിലെ മാതൃകയിൽ ജീവനക്കാരെ പുനർ നിയമിച്ചില്ല. അതിനാൽ പല വിഭാഗത്തിലും ജീവനക്കാരുടെ ക്ഷാമം രൂക്ഷമായിരുന്നു. ജീവനക്കാരുടെ കുറവിന്റെ പേരിൽ ഉയർന്ന വിമർശനങ്ങൾക്കും ഇതോടെ മറുപടിയായി.
അനുവദിച്ച തസ്തികകളിലെ നിയമനങ്ങൾ എത്രയും വേഗം യാഥാർഥ്യമാക്കുക എന്നതാണ് അധികൃതരുടെ മുന്നിലുള്ള അടുത്ത കടമ്പ. കോവിഡ് കാലത്തും രോഗികൾക്ക് അടിയന്തര സേവനങ്ങൾ നൽകാൻ സാധിച്ചെങ്കിലും പരിമിതികൾ ഒട്ടേറെയായിരുന്നു. 521 നഴ്സിങ് തസ്തികകളിൽ നിയമന നടപടികൾ പൂർത്തിയായാൽ കൂടുതൽ രോഗികളെ ചികിത്സിക്കാൻ പര്യാപ്തമാകും. നിലവിലെ ജീവനക്കാരുടെ അധിക ജോലിഭാരം എന്ന പ്രശ്നത്തിനും പരിഹാരമാകും.