ADVERTISEMENT

കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തുവെങ്കിലും അറസ്റ്റ് ചെയ്യാൻ തയാറാകാതെ പൊലീസ് ഒളിച്ചു കളി നടത്തുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സത്യസന്ധനായ ഉദ്യോഗസ്ഥന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പേർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചു നവീൻ ബാബുവിന്റെ കുടുംബത്തോട് അധികൃതർ നീതി പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, കെ.എ.ലത്തീഫ്, കെ.പി.താഹിർ, ഇബ്രാഹിം മുണ്ടേരി ,ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, എം.പി.മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. 

കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ മരണം സർക്കാർ സ്പോൺസേർഡ് കൊലപാതകമാണെന്നു പ്രവാസി ലീഗ്  ജില്ലാ പ്രവർത്തക സമിതി യോഗം ചൂണ്ടിക്കാട്ടി. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഭരണത്തിന്റെ ഹുങ്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തി അഴിമതി നടത്താനുള്ള സിപിഎമ്മിന്റെ  കുതന്ത്രത്തിന്റെ ബലിയാടാണ് എഡിഎം നവീൻ ബാബു. പ്രവാസിയായ ആന്തൂരിലെ കൺവൻഷൻ സെന്റർ ഉടമ സാജന്റെ ആത്മഹത്യയുടെ പുതിയ പതിപ്പാണ് കണ്ണൂരിൽ നടന്നത്. ആത്മഹത്യയ്ക്ക് കാരണക്കാരിയായ പി.പി.ദിവ്യയ്ക്കെതിരെയും കലക്ടർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണം. 

കണ്ണൂർ ജില്ലാ കലക്ടറെ ചുമതലകളിൽ നിന്നു മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് കരിങ്കൊടി പ്രകടനുവുമായി എത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
കണ്ണൂർ ജില്ലാ കലക്ടറെ ചുമതലകളിൽ നിന്നു മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് കരിങ്കൊടി പ്രകടനുവുമായി എത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.

മുസ്‌ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ ഇബ്രാഹിം മുണ്ടേരി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.വി.അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.അഹമ്മദ്, ജനറൽ സെക്രട്ടറി യു.പി.അബ്ദുറഹ്മാൻ, വി. പി.അബ്ദുല്ല ഹാജി, നജീബ് മുട്ടം എന്നിവർ പ്രസംഗിച്ചു.

‘കലക്ടറെ അന്വേഷണ പരിധിയിൽ കൊണ്ടുവരണം’ 
കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടറെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കേസെടുക്കപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്ഇയു) ജില്ലാ കൺവൻഷൻ  ആവശ്യപ്പെട്ടു. എഡിഎമ്മിനെ പോലെ ഉന്നത ഉദ്യോഗസ്ഥന് നേരിട്ട ദുരനുഭവം സാധാരണക്കാരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതാണെന്നും ജീവനക്കാർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള അവസരമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫലീൽ എൻ.ടി.അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത്, സംസ്ഥാന സെക്രട്ടറി ഒ.എം. ഷെഫീക്ക്, കെ.വി.ഫാറൂക്, പി.സി.റഫീക്ക്, സൈനബ, ജാഫർ, ഷെരീഫ്, സിറാജ് എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ ∙  കലക്ടർ അരുൺ കെ വിജയനെ മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി, യുവമോർച്ച പ്രവർത്തകർ കലക്ടറേറ്റിന്റെ മുന്നിലേക്ക് കരിങ്കൊടി പ്രകടനം നടത്തി. കലക്ടറേറ്റിലേക്ക് ഓടിക്കയറാൻ ശ്രമിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇന്നലെ ഉച്ച 12ഓടെയാണ് സംഭവം. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ കലക്ടറേറ്റിലേക്കു നീങ്ങിയപ്പോൾ തന്നെ പൊലീസ് ഗേറ്റുകളടച്ച് സുരക്ഷ ഒരുക്കിയിരുന്നു. ജില്ലാ പ്രസിഡന്റ് അരുൺ ഭരത്, സെക്രട്ടറി കെ.വി.അർജുൻ, ജില്ലാ കമ്മിറ്റി അംഗം റിജിൻ ചക്കരക്കൽ, കണ്ണൂർ‌ മണ്ഡലം സെക്രട്ടറി ജിതിൻ വിനോദ്, അരുൺ കൈതപ്രം, ബിനിൽ‌ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary:

The death of ADM Naveen Babu in Kannur has sparked outrage and protests, with several political parties, including the Muslim League, Pravasi League, State Employees Union, BJP, and Yuva Morcha, demanding the arrest of former district panchayat president PP Divya and a judicial inquiry. The parties allege that Naveen Babu's death was a result of government-sponsored murder and corruption within the ruling CPM party. They accuse the government of threatening and silencing honest officers. The protests highlight the growing concern over alleged corruption and abuse of power in the state.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com