തുരീയം സദസ്സിന് ഗാനവിരുന്നൊരുക്കി മഹാദേവൻ ശങ്കര നാരായണൻ

Mail This Article
പയ്യന്നൂർ ∙ തലമുറകളായി കൈമാറിക്കിട്ടിയ സംഗീതം അതിന്റെ പൂർണതയോടെ പകർന്നു നൽകി മഹാദേവൻ ശങ്കര നാരായണൻ തുരീയം സംഗീതോത്സവം ആറാം ദിവസം ധന്യമാക്കി. അച്ഛൻ ടി.വി.ശങ്കരനാരായണനൊപ്പം മഹാദേവൻ ഒട്ടേറെത്തവണ തുരീയം വേദിയിൽ പാടിയിട്ടുണ്ട്. അച്ഛൻ മരിച്ച ശേഷം മഹാദേവൻ രണ്ടാം തവണയാണ് തുരീയം വേദിയിൽ തനിച്ച് പാടുന്നത്. ഈ വേദിയിൽ എത്തുമ്പോൾ അച്ഛൻ ഒപ്പമുള്ളതുപോലെ തോന്നുന്നു. അച്ഛൻ പകർന്നു തന്ന സംഗീതം പുരണതയോടെ ആസ്വാദകർക്ക് പകർന്നു നൽകാൻ കഴിയുന്നുവെന്ന് മഹാദേവൻ പറയുന്നു.
നാട്ടരാഗത്തിൽ പ്രാണതോസ്മി ദേവം വിനായകം എന്ന കൃതി പാടിക്കൊണ്ടാണ് തുടക്കമിട്ടത്. തുടർന്ന് കാനഡ രാഗത്തിൽ പ്രസിദ്ധമായ മാമവ സദാ ജനനി എന്ന കീർത്തനത്തിലൂടെ കച്ചേരിക്ക് മുന്നിൽ ആസ്വാദകരെ പിടിച്ചിരുത്തി. ഹരഹരപ്രിയ രാഗത്തിലാണ് പ്രധാന കൃതി ആലപിച്ചത്. വൈഭവ് രമണി (വയലിൻ), എസ്.വി.രമണി (മൃദംഗം), മടിപ്പാക്കം മുരളി (ഘടം) എന്നിവർ പക്കമേളമൊരുക്കി. പോത്താങ്കണ്ടം ആനന്ദഭവനം നടത്തുന്ന 20ാമത് തുരീയം സംഗീതോത്സവം ഏഴാം ദിവസമായ ഇന്ന് 6ന് ദത്തേത്രയ വലൻകറുടെ ഹിന്ദുസ്ഥാനി സംഗീതം അരങ്ങേറും.