ആ‘ശങ്ക’ താഴിട്ടു പൂട്ടി; കണ്ണൂർ കലക്ടറേറ്റിൽ സ്ത്രീകളുടെ ശുചിമുറി പൂട്ടിയിടുന്നതായി പരാതി

Mail This Article
കണ്ണൂർ ∙ കലക്ടറേറ്റിലെത്തിയാൽ സ്ത്രീകൾക്ക് ശുചിമുറി ഉപയോഗിക്കണമെങ്കിൽ ആദ്യം ശുചിമുറിയുടെ താക്കോൽ തിരഞ്ഞുനടക്കണം. താഴെനിലയിൽ പോസ്റ്റ് ഓഫിസിനു സമീപമുള്ള ശുചിമുറികളിൽ സ്ത്രീകളുടേത് ഏതുസമയത്തും പൂട്ടിയിട്ടിരിക്കും. എന്നാൽ, പുരുഷന്മാരുടെ ശുചിമുറിക്കു താഴില്ല. കൃത്യം നിർവഹിക്കാനെത്തുന്ന സ്ത്രീകൾ അടച്ചിട്ട ശുചിമുറി കണ്ട് മറ്റെവിടേക്കെങ്കിലും പോകേണ്ടി വരും. അല്ലെങ്കിൽ കലക്ടറേറ്റിലെ ഒന്നാംനിലയിൽ കോൺഫറൻസ് ഹാളിനു സമീപത്തേക്ക് ഓടണം.
സംസ്ഥാനത്ത് ആദ്യമായി ഹരിതപദവി നേടിയ കലക്ടറേറ്റിലാണു സ്ത്രീകൾ അടച്ചിട്ട ശുചിമുറിക്കു മുന്നിൽ മടങ്ങിപ്പോകേണ്ടി വരുന്നത്. നൂറുകണക്കിനാളുകൾ വരുന്ന കലക്ടറേറ്റിൽ താഴെ നിലയിൽ ഓരോ ശുചിമുറിയാണ് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ളത്. പുരുഷന്മാരുടെ ശുചിമുറി ദുർഗന്ധം കാരണം കയറാൻ പോലും തോന്നില്ല. സ്ത്രീകളുടെ ശുചിമുറി അടച്ചിട്ടതിനെക്കുറിച്ച് അന്വേഷിക്കുമ്പോൾ താക്കോൽ സമീപത്തെ ഏതെങ്കിലും ഓഫിസിലുണ്ടെന്നാണു മറുപടി ലഭിക്കുക.
കലക്ടറേറ്റിലെ ശുചിമുറി പ്രശ്നം എം.വിജിൻ എംഎൽഎ പലതവണ ജില്ലാ വികസനസമിതി യോഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 4.5 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എസ്റ്റിമേറ്റ് തയാറാക്കലും തുടർനടപടികളും സ്വീകരിച്ചുവരുന്നെന്നുമെന്നാണ് കോർപറേഷൻ സെക്രട്ടറി ഒരുതവണ നൽകിയ മറുപടി. ശുചിമുറിക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ടന്നും ഉടൻ നിർമാണം ആരംഭിക്കുമെന്നും ഡപ്യൂട്ടി കലക്ടർ മറുപടി നൽകിയിട്ടു മാസങ്ങളായെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല. സ്ത്രീകളുടെ ശുചിമുറി അടച്ചിടാതെ ഉപയോഗയോഗ്യമാക്കണമെന്നാണ് കലക്ടറേറ്റിലെത്തുന്നവരുടെ ആവശ്യം.