പിണറായിപ്പെരുമ സംസ്കാരത്തിന്റെയും കലയുടെയും സംഗമം: മന്ത്രി ഒ.ആർ. കേളു

Mail This Article
പിണറായി ∙ എല്ലാ വിഭാഗം ജനങ്ങളെയും സംസ്കാരത്തെയും കലയെയും ഒന്നിപ്പിക്കുന്ന, മുഖ്യമന്ത്രി പിണറായി വിജയൻ മുൻകയ്യെടുത്ത പിണറായിപ്പെരുമ ഇതിനകം പ്രശസ്തി നേടിക്കഴിഞ്ഞുവെന്ന് മന്ത്രി ഒ.ആർ.കേളു. കേരളീയ സമൂഹത്തിന് എല്ലാ മേഖലയിലും ഐക്യം വേണം. വിഷു ഒരു സംസ്കാരത്തിന്റെ പ്രതീകമാണ്. അതുമായി ബന്ധപ്പെട്ടാണ് അടുത്തവർഷം നമ്മുടെ കാർഷികമേഖലയിലേക്ക് കടക്കുന്നത്. പലവിധത്തിലുള്ള സംസ്കാരം നമ്മുടെ സംസ്ഥാനത്തുണ്ട്. അത്തരത്തിൽ സംസ്കാരവുമായി ബന്ധപ്പെട്ടതാണ് പിണറായിപ്പെരുമയും.
പിണറായി പെരുമയിൽ സർഗ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യുവജന കമ്മിഷൻ അധ്യക്ഷൻ എം.ഷാജർ അധ്യക്ഷത വഹിച്ചു. നടൻ നന്ദു മുഖ്യാതിഥിയായിരുന്നു. പി.എം. അഖിൽ, വി.ശരത്ത് എന്നിവർ പ്രസംഗിച്ചു. മന്ത്രി ഒ.ആർ.കേളുവിനെയും നടൻ നന്ദുവിനെയും മാൻഡലിൻ വാദകൻ യു. രാജേഷിനെയും ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി ഉപഹാരം നൽകി ആദരിച്ചു.
പെരുമയുടെ അരങ്ങിൽ മാൻഡലിൻ സംഗീതമഴ
പിണറായി ∙ പിണറായിപ്പെരുമ മെഗാഷോയിൽ കാണികളുടെ ഹൃദയത്തിൽ കുളിർമഴ പെയ്യിച്ച് യു. രാജേഷിന്റെ മാൻഡലിൻ. തബല രാജേന്ദ്ര നാത്തോട് ,മൃദംഗം നാഞ്ചിൽ അരുൾ എന്നിവരും അകമ്പടി സേവിച്ചതോടെ കാണികൾക്ക് അവിസ്മരണീയ സംഗീത വിരുന്നായി. തുടർന്ന് രമ്യനമ്പീശനും സംഘവും ഡാൻസ് അവതരിപ്പിച്ചു. പിണറായി ബാങ്ക് ഓഡിറ്റോറിയത്തിൽ ഫിലിം ഫെസ്റ്റിൽ സിനിമ പ്രദർശിപ്പിച്ചു. ആർസി അമല യു പി സ്കൂൾ ഗ്രൗണ്ടിൽ തെരുവരങ്ങ് "നിണബലി " അരങ്ങേറി. ഫ്ലവർഷോയിൽ വയോജന കലാമേളയും ഒപ്പന മത്സരവും കടമ്പൂർ പഞ്ചായത്ത് കുടുംബശ്രീ കലാമേളയും നടന്നു.