ഫ്ലയിങ് ട്രെയ്നിങ് ഹബ് ആകാൻ കണ്ണൂർ വിമാനത്താവളം; ആദ്യബാച്ചിന്റെ പരിശീലനം കഴിഞ്ഞു

Mail This Article
മട്ടന്നൂർ ∙ പൈലറ്റ് പരിശീലനത്തിനായി തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ രാജീവ് ഗാന്ധി ഫ്ലയിങ് അക്കാദമി പരിശീലന ടീമിലെ ആദ്യബാച്ച് തിരിച്ചുപോയി. ഫ്ലയിങ് ട്രെയ്നിങ് ഹബ് ആകാൻ കണ്ണൂർ വിമാനത്താവളം ഒരുങ്ങുന്നതിന്റെ ഭാഗമായി ഫെബ്രുവരി ഒന്നാം തീയതിയാണ് ആർഎജിഎഎടിയും കിയാലും തമ്മിൽ ഒരു ധാരണാപത്രം ഒപ്പു വച്ചത്. തൊട്ടു പിന്നാലെ പൈലറ്റ് പരിശീലനത്തിനായി രാജീവ് ഗാന്ധി ഫ്ലയിങ് അക്കാദമിയുടെ 2 വിമാനവും കണ്ണൂരിൽ എത്തിച്ചു. കരാറിന്റെ ഭാഗമായി ആർഎജിഎഎടിയുടെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഫ്ലയിങ് ട്രെയ്നിങ് അക്കാദമി സ്ഥാപിക്കുകയും വിദ്യാർഥികൾക്ക് ഇവിടെ നിന്ന് പരിശീലനം നൽകുകയും ചെയ്യും.
ആദ്യ ഘട്ടത്തിൽ പരിശീലനത്തിനായി ഇവിടെ എത്തി തിരിച്ചു പോകും എന്നായിരുന്നു ധാരണ. തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ നവീകരണം നടക്കുന്നതിന്റെ ഭാഗമായാണ് പൈലറ്റ് പരിശീലനം കണ്ണൂരിലേക്ക് മാറ്റിയത്. ആദ്യഘട്ടത്തിൽ 12 വിദ്യാർഥികളും പരിശീലകരുമാണ് കണ്ണൂരിൽ പരിശീലനത്തിനായി എത്തിയിരുന്നത്. അക്കാദമിയുടെ എൻജിനീയറിങ് സംവിധാനം തിരുവനന്തപുരത്ത് മാത്രമായിരുന്നു ഉള്ളത്. അതിനാൽ നിശ്ചിത പരിശീലന വിമാനം നിശ്ചിത സമയം പറത്തിയ ശേഷം തിരുവനന്തപുരത്ത് പോയി പരിശോധന പൂർത്തിയാക്കിയാണ് കണ്ണൂരിൽ എത്തിയിരുന്നത്.
വിമാനത്താവളത്തിന്റെ തുടക്കം മുതൽ ആർഎജിഎഎടിയുടെ ഓഫ് ക്യാംപസ് കണ്ണൂരിൽ തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നിലവിൽ ഫ്ലയിങ് മാത്രമാണ് കണ്ണൂരിൽ നടത്തിയത്. വൈകാതെ തിയറി ക്ലാസുകളും കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചും ആരംഭിക്കും. എൻജിനീയറിങ് സപ്പോർട്ടും കണ്ണൂരിൽ ആരംഭിക്കും.