സ്വപ്നത്തിന് ചിറകുകൾ മുളച്ചു; അഭിഷേക് ഇനി പറക്കും; ജില്ലാപഞ്ചായത്ത് മുച്ചക്ര വാഹനം നൽകും

Mail This Article
രാജപുരം ∙ വാഹന സൗകര്യമില്ലാത്തതിനാൽ കോളജ് പഠനം വഴി മുട്ടിയെന്ന് കരുതിയ ഭിന്നശേഷിക്കാരനായ അഭിഷേകിന് കോളജിൽ പോയി വരാൻ ജില്ലാ പഞ്ചായത്ത് മുച്ചക്ര വാഹനം നൽകും. ശാരീരിക വെല്ലുവിളി നേരിടുന്ന ഉദയപുരം എരുമക്കളത്തെ അഭിഷേകിന് പരസഹായമില്ലാതെ ബസ് യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ പ്ലസ്ടു വിജയത്തിന് ശേഷം തുടർപഠനം വഴിമുട്ടി ആഗ്രഹങ്ങൾക്ക് വൈകല്യം വിലങ്ങ് തടിയാകുന്നതായി മനോരമ വാർത്ത ചെയ്തിരുന്നു.
വാർത്തയെ തുടർന്ന് ജില്ലാ പഞ്ചായത്ത് ഇടപെട്ട് കഴിഞ്ഞ ദിവസം പഠനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ഇന്നലെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം ഷിനോജ് ചാക്കോയാണ് അഭിഷേകിന് യാത്ര ചെയ്യാൻ മുച്ചക്ര വാഹനം അനുവദിക്കുമെന്ന് അറിയിച്ചത്.
കോളജ് പഠനം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇതിന്റെ ഔദ്യോഗിക കാര്യങ്ങൾ ശരിയാക്കി വാഹനം നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് ഷിനോജ് ചാക്കോ അറിയിച്ചു. സെറിബ്രല്‍ പാൾസി രോഗം ബാധിച്ച അഭിഷേകിന്റെ കാലുകൾക്ക് ചലന ശേഷിയില്ലാത്ത സ്ഥിതിയാണ്. കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് അഭിഷേക് പ്ലസ്ടു പഠനം പൂർത്തിയാക്കിയത്. ഉദുമ കുണിയയിലെ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ ഹിസ്റ്ററി ബിരുദ പഠനത്തിനാണ് അഡ്മിഷൻ ലഭിച്ചിരിക്കുന്നത്.