കുഴി, കുഴി, കുഴി..പിന്നെ കുറച്ച് ബസ് സ്റ്റാൻഡും
Mail This Article
കാഞ്ഞങ്ങാട് ∙ പ്രതിദിനം മുന്നൂറിലേറെ ബസുകൾ കയറിയിറങ്ങുന്ന കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ വൻ കുഴികൾ. മഴ കനത്തതോടെ ടാറിങ് ഇളകിയുണ്ടായ ചെറിയ കുഴികൾ വൻകുഴികളായി മാറിയത്. ബസ് ഡ്രൈവർമാർക്കും ബസ് കയറാനെത്തുന്ന യാത്രക്കാർക്കും കുഴികളുണ്ടാക്കുന്ന ദുരിതം ചെറുതല്ല.അലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡ് ഇനിയും പ്രവർത്തനം തുടങ്ങാത്തതിനാൽ നഗരത്തിലെത്തുന്ന ബസുകളെല്ലാം നിർത്തിയിടുന്നതും ആളെ കയറ്റുന്നതും ഈ ബസ് സ്റ്റാൻഡിൽ നിന്നാണ്.
ടയറുകൾ കുഴിയിൽ പതിക്കുമ്പോൾ യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്നതും നിത്യസംഭവമായി. മഴക്കാലത്തിനു മുൻപു തന്നെ ബസ് സ്റ്റാൻഡ് യാഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് പൂർണമായി തകർന്നതിനു കാരണമെന്നാണ് ബസുടമകളും ജീവനക്കാരും ആരോപിക്കുന്നത്. ബസ് സ്റ്റാൻഡ് യാഡ് അറ്റകുറ്റപ്പണിക്കു ടെൻഡറായിട്ടുണ്ടെന്നും മഴയായതുകൊണ്ടാണ് പ്രവൃത്തി നടക്കാത്തതെന്നുമാണ് നഗരസഭാധികൃതർ പറയുന്നത്.