മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി: 1284 പരാതികൾ തീർപ്പാക്കി

Mail This Article
പുനലൂർ ∙ 200 പേർക്കായി 63.85 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം. 12 പേർക്ക് പുതുതായി റേഷൻ കാർഡ്. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ സാന്ത്വന സ്പർശത്തിലാണ് തുക അനുവദിച്ചത്. കൊട്ടാരക്കര, പത്തനാപുരം, പുനലൂർ താലൂക്കുകളിലെ ജനസമ്പർക്ക പരിപാടിയാണു നടത്തിയത്.1804 പരാതികളിൽ 1284 എണ്ണത്തിന് തീർപ്പ് കൽപ്പിച്ചു. 8 അപേക്ഷകളിൽ മിച്ചഭൂമി സാധൂകരണം നടത്തി. സർവീസ് സഹകരണ ബാങ്ക് വായ്പകളിലെ കുടിശികയും പിഴപ്പലിശയും സംബന്ധിച്ചുള്ള പരാതികൾ ആണ് ഏറ്റവും കൂടുതൽ എത്തിയത്. റേഷൻ വിതരണത്തിലെ അപാകതയെപ്പറ്റി നിരവധി പരാതികൾ എത്തിയിരുന്നു.
രണ്ടായിരത്തിലധികം പേർ ഒരേ സമയം സ്കൂളിൽ എത്തിയതോടെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിനോ മതിയായ നിലയിൽ കൗണ്ടർ മുഖേന അപേക്ഷകൾ സ്വീകരിക്കുന്നതിനോ ആദ്യഘട്ടത്തിൽ കഴിഞ്ഞില്ല. പലതവണ ഉച്ചഭാഷിണിയിലൂടെ അപേക്ഷകരെ നിയന്ത്രിക്കേണ്ടി വന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു എന്നിവർ നേരിട്ട് പരാതികൾ സ്വീകരിച്ചു. കലക്ടർ ബി.അബ്ദുൽ നാസർ, ആർഡിഒ ബി.ശശികുമാർ എന്നിവർ നേതൃത്വം നൽകി.