അമൃത് ഭാരതം പദ്ധതി: പുനലൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമാണത്തിന് നടപടി

Mail This Article
പുനലൂർ ∙ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അമൃത് ഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമാണം നടത്താൻ നടപടി ആരംഭിച്ചു. ഇതോടെ വൻ വികസനം എത്തുന്ന സ്റ്റേഷനുകളുടെ പട്ടികയിൽ കൊല്ലത്തിന് ശേഷം ജില്ലയിൽ പുനലൂരും സ്ഥാനം പിടിച്ചു. സ്റ്റേഷൻ പുനരുദ്ധാരണത്തിന്റെ സാധ്യതാ പഠനത്തിനും കൺസൽറ്റൻസി നൽകുന്നതിനും പദ്ധതിയുടെ രൂപരേഖയും മാസ്റ്റർ പ്ലാനും തയാറാക്കുന്നതിനും പ്രാഥമിക പ്രവൃത്തികൾക്കും റെയിൽവേ ടെൻഡർ വിളിച്ചു.
ഇതിനായി 4687597 രൂപയാണ് അനുവദിച്ചത്. പ്ലാനിങ്, സ്ട്രക്ചറൽ ഡിസൈൻ എന്നിവ തയാറാക്കുന്നതിനാണ് ടെൻഡർ വിളിച്ചത്. അംബാസമുദ്രം, മധുര ഡിവിഷന്റെ പരിധിയിൽ പുനലൂർ, തിരുച്ചെന്തൂർ, തെങ്കാശി എന്നീ റെയിൽവേ സ്റ്റേഷനുകൾക്കായിട്ടാണ് ഇപ്പോൾ ടെൻഡർ വിളിച്ചിരിക്കുന്നത്. അമൃത് ഭാരതം പദ്ധതി പ്രകാരം ഓരോ റെയിൽവേ ഡിവിഷനിൽ നിന്നും 15 റെയിൽവേ സ്റ്റേഷനുകളാണ് വികസിപ്പിക്കുക.
കൊല്ലം ജില്ലയിൽ നിന്നും ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത് പുനലൂർ ആണ്.സ്റ്റേഷൻ കെട്ടിടം വിപുലീകരിക്കുക, പ്ലാറ്റ്ഫോമുകളിൽ ലിഫ്റ്റുകൾ സ്ഥാപിക്കുക, പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂര സ്ഥാപിക്കുക എന്നിവയാണ് പ്രധാനമായും ചെയ്യുക.ഉന്നത നിലവാരമുള്ള പ്ലാറ്റ് ഫോമുകൾ നിർമിക്കുന്നതിനൊപ്പം റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകളുടെ വീതികൂട്ടൽ, ആവശ്യമില്ലാത്ത ഘടനകൾ നീക്കം ചെയ്യൽ, ശരിയായി രൂപകൽപന ചെയ്‌ത ഓടകൾ, നടപ്പാത , മികച്ച പാർക്കിങ് സൗകര്യം , മെച്ചപ്പെട്ട വെളിച്ചസംവിധാനം എന്നിവയും ഏർപ്പെടുത്തും.