ഉത്സവ പ്രേമികൾക്ക് കുളിർ മഴയായി പന്മന പൂരം

Mail This Article
ചവറ∙ കത്തുന്ന വേനൽ ചൂടിൽ ആയിരക്കണക്കിനു ഉത്സവ പ്രേമികൾക്കു കുളിർ മഴയായി പന്മന പൂരം. ഞായറാഴ്ചയുടെ സായാഹ്നത്തിൽ വർണപ്പകിട്ടിന്റെ കുടമാറ്റ ചാരുത പകർന്ന് പൂരം സമാപിക്കുമ്പോൾ പുരുഷാരത്തിന്റെ ആർപ്പ് വിളികളുടെ നടുവിൽ ആകാശത്ത് വർണക്കുടകൾ വിരിയിച്ച് കരിമരുന്ന് പ്രയോഗം, തുടർന്ന് ആറാട്ടിനായി ഗജ ഘോഷയാത്ര.
പന്മന സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ഇന്നലെ നടന്ന പന്മന പൂരത്തിൽ 15 കരിവീരന്മാരാണ് അണിനിരന്നത്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ഉത്സവം എന്ന നിലയിൽ വൻ ജനസാന്നിധ്യമായിരുന്നു പന്മനയിൽ. തൃശൂർ പൂരത്തിൻ പങ്കെടുക്കുന്ന 250 കലാകാരന്മാരുടെ നേതൃത്വത്തിലായിരുന്നു മേളവും കുടമാറ്റവും. വൈകിട്ട് 5ന് ക്ഷേത്ര ശീലകത്ത് നിന്ന് ആറാട്ട് ബിംബത്തിൽ ദേവ ചൈതന്യം ആവാഹിച്ച് പുറത്ത് എത്തിച്ച് പന്മന ശരവണനു മേൽ തിടമ്പേറ്റി.
തടത്താവിള രാജശേഖരനും പുത്തൻകുളം കേശവനും പറ്റാനകളായി. തുടർന്ന് ഇരുവശവുമായി പന്ത്രണ്ട് ഗജവീരന്മാർ ക്ഷേത്രത്തിന് മുന്നിൽ അണിനിരന്നു. പൂരപ്രേമികളുടെ മനം നിറച്ച് പാണ്ടിമേളം കൊഴുപ്പിൽ ആലവട്ടങ്ങളും വെൺചാമരങ്ങളും വർണക്കുടകളും മാറി മാറി ഉയർത്തി ഇരുഭാഗവും മത്സര ബുദ്ധിയോടെ ഒന്നര മണിക്കൂർ പൂരം കൊഴുപ്പിച്ചു. കൊട്ടിക്കയറിയ പാണ്ടിമേളത്തിന് താളമിട്ട് ആയിരങ്ങൾ ആവേശം നിറച്ചു.
6.45 ഓടേ കുടമാറ്റം അവസാനിപ്പിച്ച് കരിമരുന്നിന്റെ ആകാശപ്പൂരം ആരംഭിച്ചു. ഇതോടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ പന്മന തമ്പുരാൻ ആറാട്ടിന് എഴുന്നള്ളി. പിന്നാലെ ഗജവീരന്മാരും ഭക്തരും കെട്ടുകാഴ്ചയും പൂരാഘോഷ കമ്മിറ്റി ഭാരവാഹികളും. ദേശീയപാത വഴി ശങ്കരമംഗലം കമൻകുളങ്ങര മഹാദേവ ക്ഷേത്രത്തിലെത്തി ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയതോടെ ഉത്സവത്തിന് കൊടിയിറങ്ങി.