വടം റെഡി, വലിയെടാ വലി...; ഓണോഘോഷത്തിന് ആവേശമേറ്റാൻ വടംവലി മത്സരങ്ങൾക്ക് അരങ്ങൊരുങ്ങി

Mail This Article
കൊല്ലം∙ ഓണക്കളികളിൽ ഏറ്റവും ആവേശം നിറഞ്ഞതാണ് വടം വലി മത്സരം. കൂടുതൽ കാണികൾ എത്തുന്നതും മത്സരം കടുക്കുമ്പോൾ നിർത്താതെ കയ്യടി കിട്ടുന്നതും വടം വലിക്കാണ്. രണ്ടു ടീമുകൾ തമ്മിലുള്ള ബല പരീക്ഷണം ആണെങ്കിലും അതിനപ്പുറമാണ് ആവേശവും വാശിയും. കാണികൾ തന്നെ രണ്ടു ചേരിയായി മാറും. വിവാഹിതരും അവിവാഹിതരും തമ്മിലാണു ചിലയിടത്ത് മത്സരം.
സ്ത്രീകളുടെ വടം വലിയും മിക്കയിടത്തും നടക്കും. പ്രഫഷനൽ മത്സരങ്ങൾക്ക് ടീം അംഗങ്ങളുടെ ഭാരം നിജപ്പെടുത്തിയാണ് ഇറക്കുന്നതെങ്കിലും ക്ലബ്ബുകളുടെ സാധാരണ മത്സരങ്ങളിൽ അതു നോക്കാറില്ല. ഇരുപക്ഷത്തും എണ്ണം തികച്ച് ടീമിനെ ഇറക്കുകയാണ് പതിവ്. സമ്മാനങ്ങളും വ്യത്യസ്തമാണ്. പഴക്കുലയായിരിക്കും മിക്കപ്പോഴും സമ്മാനം. അതാകുമ്പോൾ ജയിച്ചവർക്കും തോറ്റവർക്കും കാണികൾക്കും സമ്മാനം പങ്കിടാനാകും.
ഇപ്പോൾ വലിയ സമ്മാനത്തുകയുള്ള മത്സരങ്ങൾ ഏറെയാണ്. അതുകൊണ്ടു തന്നെ വടംവലി മത്സരവും കടുകട്ടിയായി. ജയിക്കണം എങ്കിൽ പേശി ബലത്തോടൊപ്പം ബുദ്ധി കൂർമതയും എതിരാളിയുടെ ഉറച്ച ചുവട് ഇളക്കുന്നതിനുള്ള തന്ത്രവും വേണം. അതു കൊണ്ടു വളരെ നേരത്തെ ടീമുകൾ തയാറെടുപ്പു തുടങ്ങും. വടത്തിന്റെ കാര്യമെടുത്താലോ ആന പിടിച്ചാൽ പോലും പൊട്ടിപ്പോകാത്തതു പോലുള്ള വടം വേണം. നല്ല മല്ലന്മാർ ഇരുവശവും നിന്നു പിന്നിലേക്കു വലിക്കുമ്പോൾ വടം പൊട്ടിയാൽ കഥ കഴിഞ്ഞു.
പ്ലാസ്റ്റിക് വടം അല്ല, കയർ പിരിച്ചുള്ള വടം തന്നെ വേണം. എങ്കിലേ മുറുക്കി പിടിക്കാനാകു. വടം വലിയ്ക്കുള്ള കയറിന്റെ നീളം 120 അടിയാണ്. കേരളം കയറിന്റെ നാട് ആയിരുന്നെങ്കിലും, പൂവും ഓണസദ്യയ്ക്കുളള ഇലയും പോലെ, വടം വലിക്കുന്നതിനുള്ള വടം എത്തുന്നതും ഇപ്പോൾ തമിഴ്നാട്ടിൽ നിന്നാണ്. 48 പിരി കനമുള്ള കയർ ആണ് സാധാരണയായി ഉപയോഗിക്കുന്നതെന്ന് പായിക്കടയിലെ കയർ വ്യാപാരി രവീന്ദ്രൻ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
ഇതിന് 10 സെന്റീമീറ്റർ വ്യാസം ഉണ്ടാകും. 4500 രൂപയാണ് വില. ആവശ്യക്കാർക്ക് 52, 56, 60 പിരി വരെയുള്ള കയർ നൽകും. മുൻ കൂട്ടി പറഞ്ഞാണ് വലിയ കയർ ഇങ്ങനെ പിരിപ്പിക്കുന്നത്. കുട്ടികളുടെ വടം വലിക്ക് 20 പിരിയൂടെ കയർ ആണ് ഉപയോഗിക്കുന്നത്. ഓണക്കളികളിൽ പ്രധാന ഇനം ആണെങ്കിലും വടം വലി കേരളത്തിന്റെ തനതു വിനോദ കളിയല്ല. ലോകത്തിന്റെ പല ഭാഗത്തും പുരാതന കാലം മുതൽ വടംവലി ഉണ്ടായിരുന്നതായി കരുതുന്നു. ഒഡീഷ കൊണാർക്ക് സൂര്യക്ഷേത്രത്തിൽ വടംവലി മത്സരം കൊത്തി വച്ചിട്ടുണ്ട്. കേരളത്തിൽ നാനൂറോളം പ്രഫഷനൽ വടംവലി ടീം ഉണ്ടെന്നാണു വിലയിരുത്തുന്നത്.