പോളച്ചിറ ഏലായിൽ 4ഇനം പുതിയ നീർപക്ഷികളെ കണ്ടെത്തി

Mail This Article
കൊല്ലം∙ പോളച്ചിറ ഏലായിൽ നാലിനം പുതിയ നീർപക്ഷികളെ കൂടി കണ്ടെത്തി. ദേശാടകരായ പട്ടക്കണ്ണൻ എരണ്ട, ചന്ദനക്കുറി എരണ്ട, ഗ്യാഡ്വാൾ എരണ്ട, പട്ടവാലൻ ഗോഡ്വിറ് എന്നിവയെ ആണ് പുതുതായി കണ്ടെത്തിയത്. അതേ സമയം, മുൻ വർഷത്തെ അപേക്ഷിച്ച് പക്ഷികളുടെ എണ്ണത്തിൽ കുറവുള്ളതായാണ്തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പക്ഷി നിരീക്ഷക സംഘടനയായ വാർബ്‌ളേർസ് ആൻഡ് വെയ്ഡേർസ് നടത്തിയ നീർപക്ഷികണക്കെടുപ്പിലെ വിവരം . ആവാസ വ്യവസ്ഥയിലെ മാറ്റമാണ് ദേശാടനപ്പക്ഷികൾ കുറയാൻ കാരണം.

ചൂളൻ ഇരണ്ടകളിൽ 60 ശതമാനത്തിൽ ഏറെയാണ് കുറവ്. ഇത് ആശങ്കാജനമെന്നാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തൽ. പച്ച എരണ്ടകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. നീലക്കോഴി, വാലൻ താമരക്കോഴി, നാടൻ താമരക്കോഴി എന്നീ തദ്ദേശവാസികളുടെ എണ്ണത്തിലും കുറവ് ഉണ്ടായി. എന്നാൽദേശാടകരായ വരി എരണ്ടകളുടെ എണ്ണത്തിൽ ആശാവഹമായ വർധനയുണ്ട്. 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേർഡ്‌സ് 2023' റിപ്പോർട്ട് പ്രകാരം കേരളത്തിൽ അടിയന്തര സംരക്ഷണം ആവശ്യമുള്ള പക്ഷി ഇനങ്ങളിൽ ഉൾപെട്ടതാണ് വരി എരണ്ടകൾ.
കഴിഞ്ഞ വർഷം 27 ഇനങ്ങളിലായി 1846 നീർപക്ഷികളെ കണ്ടെത്തിയപ്പോൾ ഇത്തവണ 31 ഇനങ്ങളിലായി 1404 നീർപക്ഷികളെയാണ് കണ്ടെത്തിയത്. വാലൻ എരണ്ട, പുള്ളിച്ചുണ്ടൻ താറാവ്, ചേരാക്കൊക്കൻ, കഷണ്ടിക്കൊക്ക്, പട്ടക്കോഴി, വെള്ളക്കൊക്കൻ കുളക്കോഴി, പുള്ളിക്കാടക്കൊക്ക്, കരി ആള, ചേരക്കോഴി എന്നിവയാണ് കണക്കെടുപ്പിൽ കണ്ടെത്തിയ മറ്റു പ്രധാന പക്ഷിയിനങ്ങൾ.പക്ഷി ഗവേഷകരായ സി.സുശാന്ത്, ആർ.ജയപ്രകാശ്, സി.ജി.അരുൺ, ഡോ.എം.കെ. കൃഷ്ണകുമാർ, കെ.എസ്.ജോസ്, ബ്ലെസ്സൻ സന്തോഷ് ജോർജ് എന്നിവർ നീർപക്ഷി കണക്കെടുപ്പിനു നേതൃത്വം നൽകി. കരുനാഗപ്പള്ളി വെള്ളനാതുരുത്ത്, ആലപ്പാട് മേഖലയിൽ ഈ ആഴ്ച കണക്കെടുക്കും. തിരുവനന്തപുരം ജില്ലയിൽ പുഞ്ചക്കരി മേഖലയിൽ കണക്കെടുപ്പു തുടരുകയാണ്.