‘തിരികെ’: ശ്രദ്ധേയമായി കരിക്കം എസ്‌ഡിഎ സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം
Mail This Article
കൊട്ടാരക്കര∙ മൂന്നു പതിറ്റാണ്ടുകൾക്കുശേഷം അവർ പഴയ വിദ്യാലയമുറ്റത്ത് ഒത്തുകൂടി. ഓർമകൾ മേയുന്ന ‘സായിപ്പിൻ കുന്നിലെ’ അക്ഷര തിരുമുറ്റത്തെ ഒത്തുചേരൽ ‘തിരികെ’ 1982-93 ബാച്ചിലെ വിദ്യാർഥികളാണ് അവിസ്മരണീയമാക്കിയത്. ആയിരങ്ങൾക്ക് അക്ഷര വെളിച്ചത്തിന്റെ ദിവ്യപ്രഭ പകർന്നു നൽകിയ സരസ്വതി ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഒളിമങ്ങാത്ത ഓർമകളുമായി അവർ മധുരസ്മരണകൾ പങ്കുവച്ചു.
ശതാബ്ദി നിറവിലാവുന്ന കരിക്കം സെവൻത് ഡേ അഡ്വെന്റിസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ (എസ്‌ഡിഎ) 1982 മുതൽ 1993 വരെ സി ബാച്ചിൽ ഒന്നിച്ചുപഠിച്ച വിദ്യാർഥികളാണ് ഒത്തുചേർന്നത്. 30 വർഷങ്ങൾക്ക് ശേഷം തമ്മിൽ കാണുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വിദേശത്തുള്ളവർ ഒഴികെ അന്നത്തെ ബാച്ചിൽ പഠിച്ച എല്ലാവരും യോഗത്തിൽ പങ്കെടുത്തു.
സായിപ്പിൻ കുന്നിലെ കലാലയ ജീവിതത്തിന്റെ ഓർമകൾ പങ്കുവച്ച കൂട്ടായ്മ സംഗമം സ്‌കൂൾ പ്രിൻസിപ്പൽ ആൽവിൻ ചാക്കോ ഉദ്ഘാടനം ചെയ്തു. സിബി മാത്യു അധ്യക്ഷത വഹിച്ചു. അജിത്കുമാർ ശ്രീഭദ്ര, രഞ്ജി തോമസ്, അഡ്വ. ജൂലി വിക്ടർ, ജോൺ വർഗീസ്, ഡോ. ബെൻറോയി ജോൺ, അഡ്വ. ജയ്‌സി സ്റ്റാൻലി, അരുൺ രാജ് എന്നിവർ നേതൃത്വം നൽകി. വൈകാതെ ഇനിയും ഒത്തുകൂടാമെന്ന പ്രതീക്ഷയോടെയാണ് ഏവരും വിദ്യാലയമുറ്റം വിട്ടത്. വിദേശങ്ങളിൽ ജോലിചെയ്യുന്ന സഹപാഠികൾ ഓലൈനിൽ ആശംസകൾ നേർന്നു.