മഠത്തിൽ കടവ്: മുന്നറിയിപ്പ് ബോർഡില്ല; അപകടം പതിവ്

Mail This Article
കിഴക്കേ കല്ലട∙ നിരന്തരം അപകടം നടക്കുന്ന പഴയാർ വാർഡിലെ മഠത്തിൽ ആറ്റുകടവിൽ മുന്നറിപ്പു ബോർഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തം. മാസങ്ങൾക്കുള്ളിൽ ഒട്ടേറെ പേരാണ് ഇവിടെ മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാർഥി ടൗൺ വാർഡ് മല്ലശ്ശേരിൽ വീട്ടിൽ ജേക്കബ് വർഗീസിന്റെയും ലിസി ജേക്കബിന്റെയും മകൻ ജൂഡ് ജേക്കബ് അപകടത്തിൽപെട്ടതെന്നാണു ഒടുവിലത്തെ സംഭവം.
നിർമാണം നടക്കുന്ന വീട്ടിലെ ജോലിക്കാർക്ക് ചായയുമായി പോയ ജൂഡ് മഠത്തിൽ കടവിൽ മുങ്ങി മരിക്കുകയായിരുന്നു. കുളിക്കുന്നതിനും മറ്റുമായി ദൂരദേശങ്ങളിൽ നിന്ന് വരെ വിദ്യാർഥികൾ അടക്കമുള്ളവർ ഇവിടെ എത്താറുണ്ട്. നിശ്ചലമായി കിടക്കുന്നതിനാൽ അപകടം മനസ്സിലാകാതെയാണു വിദ്യാർഥികൾ ഇറങ്ങുന്നത്. ആഴം കുറഞ്ഞ ഭാഗത്ത് ചെളിയാണ്. നില തെറ്റി വെള്ളത്തിൽ താഴ്ന്നാൽ ചെളിയിൽ പുതഞ്ഞു പോകും. മിക്ക അപകടങ്ങളിലും സ്കൂബ സംഘം എത്തിയാണ് മൃതദേഹങ്ങൾ പുറത്ത് എടുത്തിട്ടുള്ളത്.
ഇവിടെ അപകട സൂചന ബോർഡ് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കിഴക്കേ കല്ലട മണ്ഡലം കമ്മിറ്റി നേതൃ യോഗം ആവശ്യപ്പെട്ടു. കല്ലട ആറിന്റെ തീരം കേന്ദ്രീകരിച്ച് ലഹരി കച്ചവടവും വ്യാപകം ആണെന്നും പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കുന്നത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് സജി മള്ളാകോണം യോഗം ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് കല്ലട ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇടവന രാജേന്ദ്രൻ പിള്ള, അയ്യപ്പൻ പിള്ള, സാബു, ശരത്, ബിജു, എന്നിവർ പ്രസംഗിച്ചു.