ആറ്റുവാശേരി-മഠത്തിനാപ്പുഴ റോഡ് നവീകരണം തുടങ്ങുന്നു

Mail This Article
പുത്തൂർ ∙ കാലങ്ങളായുള്ള ദുരിതയാത്രയ്ക്ക് അറുതിയാകുന്നു; ആറ്റുവാശേരി-മഠത്തിനാപ്പുഴ റോഡിന്റെ നവീകരണം അടുത്ത ആഴ്ചയോടെ തുടങ്ങുമെന്ന് അധികൃതർ. റോഡിന്റെ ലെവൽസ് എടുക്കുന്ന ജോലികൾ അടുത്ത ദിവസം പൂർത്തിയാകും. ഇതിനു ശേഷം പണി തുടങ്ങും. ആദ്യ ഘട്ടത്തിൽ ഓടയുടെ പണികളാണ് ആരംഭിക്കുക. ഹാർബർ എൻജിനീയറിങ് വിഭാഗത്തിനാണു നിർമാണച്ചുമതല. റോഡ് നവീകരണത്തിന് 1.26 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ആറ്റുവാശേരി പൊയ്കയിൽ ജംക്‌ഷൻ മുതൽ മഠത്തിനാപ്പുഴ വരെ കഷ്ടിച്ച് 1.5 കി. മീ. മാത്രം ദൈർഘ്യമുള്ള റോഡാണിത്. ടാറിങ് നടത്തിയിട്ട് 10 വർഷത്തിലേറെ ആയ റോഡിൽ അറ്റകുറ്റപ്പണികളും നടത്താതെ വന്നതോടെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞു കാൽനടയാത്ര പോലും ദുഷ്കരമായ അവസ്ഥയിലേക്കെത്തിയത്. താഴത്തുകുളക്കട ചെട്ടിയാരഴികത്തു കടവ് പാലം തുറന്നതോടെ റോഡിൽ വാഹനത്തിരക്കും കൂടി. റോഡ് നവീകരിക്കണം എന്ന് ആവശ്യപ്പെട്ടു നാട്ടുകാർ പരാതികൾ നൽകാത്ത സ്ഥലങ്ങളില്ല. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഇടപെടലാണ് ഒടുവിൽ തുക അനുവദിക്കുന്നതിനു സഹായകമായത്.