പുളിയറ എസ് വളവിൽ 6 മണിക്കൂർ ഗതാഗതക്കുരുക്ക്: സംസ്ഥാന അതിർത്തിയിലെ ഗതാഗതം താറുമാറിൽ

Mail This Article
കോട്ടവാസൽ ∙ തിരുമംഗലം ദേശീയപാതയിൽ പുളിയറ എസ് വളവിൽ കണ്ടെയ്നർ ലോറി മറിഞ്ഞതിനെത്തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് മാറിയില്ല. അതിർത്തിയിലെ ഗതാഗതം ഇന്നലെ പുലർച്ചെ മുതൽ 6 മണിക്കൂർ തടസ്സപ്പെട്ടു. 2 ദിവസം മുൻപു രാത്രിയിൽ പാതയിൽ ഒരു വശത്തേക്കു മറിഞ്ഞ കണ്ടെയ്നർ ലോറി നീക്കിയെങ്കിലും കുരുക്ക് തുടരുകയാണ്. ഇന്നലെ പുലർച്ചെ തുടങ്ങിയ ഗതാഗതക്കുരുക്കിൽ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ കുടുങ്ങി.
അച്ചൻകോവിലിൽ നിന്നു ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള കെഎസ്ആർടിസി ബസ് 3 മണിക്കൂർ കുരുക്കിൽപ്പെട്ടു. തെങ്കാശിയിൽ നിന്നു കേരളത്തിലേക്കുള്ള കെഎസ്ആർടിസി ബസുകളും കുരുക്കിൽ അകപ്പെട്ടു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു രാവിലെ എത്തേണ്ട പതിവു യാത്രക്കാരും പെരുവഴിയിലായി.
കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പോകേണ്ട വാഹനങ്ങൾ നിയന്ത്രിക്കാൻ ഫലപ്രദമായ സംവിധാനം ഇല്ലാത്തതാണു കാരണം. ശബരിമല മണ്ഡലകാലത്തിനു മുൻപായി എസ് വളവിൽ സ്ഥാപിച്ച പൊലീസ് സഹായ കേന്ദ്രത്തിലും മതിയായ സംവിധാനമില്ല. ഇവിടെ 2 പൊലീസുകാർ മാത്രമാണുള്ളത്. കുരുക്ക് വർധിച്ചാൽ സഹായത്തിന് എത്തേണ്ട പുളിയറ, ചെങ്കോട്ട പൊലീസും കുരുക്കിലകപ്പെടുന്ന ഗതികേടാണിവിടെ. ഭാരവാഹനങ്ങൾ കടത്തി വിടുന്നതിൽ ഇവിടെ നിയന്ത്രണമില്ല.
വളവ് തിരിയുമ്പോൾ അമിതലോഡ് കയറ്റിയ പല ട്രക്കുകളും ബ്രേക്ക് ഡൗൺ ആകുന്നതും തിരിച്ചടിയാണ്. ചെറിയ വാഹനങ്ങൾ കുരുക്കിൽ നിന്നു രക്ഷപ്പെട്ടു പോകാൻ തത്രപ്പാടു കാട്ടുന്നതും കുരുക്കിന് ആക്കം കൂട്ടും. എസ് വളവിലെ പൊലീസ് സഹായ കേന്ദ്രത്തിൽ തമിഴ്നാട് – കേരള പൊലീസ് സേനകളിലെ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചു ഗതാഗത നിയന്ത്രണ സംവിധാനം പരിഷ്കരിക്കണമെന്നാണ് ആവശ്യം.