ADVERTISEMENT

കൊല്ലം ∙ ടി.കെ.ദിവാകരൻ പാർക്കിൽ കഫറ്റേരിയ നിർമിക്കാനുള്ള നീക്കത്തെച്ചൊല്ലി വിവാദം. നെഹ്റു പാർക്കിൽ കരാർ ലഭിച്ച കരാറുകാരൻ ടി.കെ.ദിവാകരൻ പാർക്കിൽ കയറി കഫറ്റേരിയ സ്ഥാപിക്കാൻ ഒരുങ്ങിയതാണ് വിവാദത്തിന് ഇടയാക്കിയത്. എന്നാൽ പാർക്കുകളുടെ അതിർത്തികളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രശ്നത്തിന് കാരണമെന്നും ടി.കെ.ദിവാകരൻ പാർക്കോ അതിനുള്ളിലെ കെട്ടിടമോ കരാറിന് നൽകിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം സ്ഥാപിച്ച കഫറ്റേരിയ ഒഴിപ്പിച്ചെന്നും മേയർ ഹണി ബെഞ്ചമിൻ വ്യക്തമാക്കി.

കൊല്ലം നെഹ്റു പാർക്ക്.
കൊല്ലം നെഹ്റു പാർക്ക്.

എന്നാൽ ആർഎസ്പിയുടെ സമുന്നതനായ നേതാവായിരുന്ന ടി.കെ.ദിവാകരന്റെ സ്മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന പാർക്കിനെ വാണിജ്യവൽക്കരിച്ചുവെന്നും അതിന് കോർപറേഷൻ മറുപടി പറയണമെന്നാണ് ആർഎസ്പിയുടെ ആവശ്യം. സംഭവത്തെ തുടർന്ന് ആർഎസ്പി കഴിഞ്ഞ ദിവസം പാർക്കിലെ നിർമാണ സാമഗ്രികൾ വലിച്ചെറിയുകയും കോർപറേഷൻ അധികൃതരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇന്നലെ എൻ.കെ.പ്രേമചന്ദ്രൻ എംപിയും സ്ഥലം സന്ദർശിച്ചു. 

പരവൂർ ജംക‍്ഷനിലെ വെള്ളക്കെട്ട്.
പരവൂർ ജംക‍്ഷനിലെ വെള്ളക്കെട്ട്.

സി.കേശവൻ മെമ്മോറിയൽ ടൗൺഹാളിന് എതിർവശത്തുള്ള നെഹ്റു പാർക്കും വയോജന പാർക്കും നാളുകൾക്കു മുൻപ് കോർപറേഷൻ 5,500 രൂപ മാസ വാടകയ്ക്കും 5 ലക്ഷം സ്ഥിര നിക്ഷേപത്തിനുമായി കരാർ നൽകിയിരുന്നു. തുച്ഛമായ വാടകയ്ക്ക് നഗരമധ്യത്തിലെ വലിയൊരു സ്ഥലം കരാർ നൽകിയതിനെതിരെയും മുൻ മേയറുടെ ബന്ധുവിനാണ് കരാർ നൽകിയതെന്നും ഒരു വർഷത്തേക്ക് നൽകാൻ ഉദ്ദേശിച്ച കരാർ എങ്ങനെ 3 വർഷത്തേക്കായി എന്നും പ്രതിപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു. കഫറ്റേരിയ നടത്താനും വാണിജ്യ ലാഭം ഉണ്ടാക്കാനുമാണ് തുച്ഛമായ തുകയ്ക്ക് കരാർ നൽകിയതെന്നായിരുന്നു ആരോപണം. 

നെഹ്റു പാർക്കിന്റെ കരാർ ഏറ്റെടുത്തവർ കഫറ്റേരിയ സ്ഥാപിക്കാനായി ഒരുമിച്ചു കിടക്കുന്ന ടി.കെ.ദിവാകരൻ പാർക്കിലേക്ക് കടന്നു കയറിയതാണ് പ്രശ്നത്തിന് കാരണമായത്. കരാറുകാർക്ക് പാർക്കുകളുടെ അതിർത്തികളെ സംബന്ധിച്ചു ധാരണയില്ലായിരുന്നു. കോർപറേഷൻ അധികൃതരാണെങ്കിൽ  ഇത് വ്യക്തമാക്കി നൽകുകയും ചെയ്തില്ല. വിവാദമായതോടെ ടി.കെ.ദിവാകരൻ പാർക്കിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിട്ടുണ്ട്. 

ആരോപണങ്ങൾ അടിസ്ഥാനരഹിതം:മുൻ മേയർ
നെഹ്റു പാർക്ക് കരാറിന് നൽകിയത് നിയമാനുസൃതമായാണെന്നും ഫിനാൻസ് കമ്മിറ്റിയിലും കൗൺസിലിലും എല്ലാം ചർച്ച ചെയ്തും അംഗീകരിച്ചുമാണ് കരാർ നൽകിയതെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കോർപറേഷൻ മുൻ മേയർ പ്രസന്ന ഏണസ്റ്റ്. അടഞ്ഞു കിടന്നിരുന്ന നെഹ്റു പാർക്ക് തുറന്ന് നൽകാനായി 2020ന് ശേഷം 3 തവണ ലേലം ചെയ്തു. 2 തവണ ആരും ലേലം സ്വീകരിക്കാൻ വന്നില്ല.

ഒരു തവണ ഒരാൾ മാത്രം വന്നതിനാൽ ലേലം നൽകാനായില്ല. ഇത്തവണ 2 പേർ ലേലത്തിൽ പങ്കെടുത്തു. അതിൽ കൂടുതൽ തുക ക്വോട്ട് ചെയ്തവർക്ക് കരാർ നൽകി. 3 വർഷത്തേക്ക് തന്നെയാണ് കരാർ ക്ഷണിച്ചത്. ഒരു വർഷം കരാർ നടപ്പായപ്പോൾ 3 വർഷമാവുകയല്ല ചെയ്തത്. 2024 ജനുവരിയിൽ കഴിഞ്ഞ േലലത്തിന് ശേഷം കരാർ ഈ വർഷം ജനുവരിയിൽ നിലവിൽ വരാൻ കാരണം പാർക്കിൽ വെള്ളവും വൈദ്യുതിയും എത്തിക്കുന്നതിലുണ്ടായ കാലതാമസം മൂലമാണ്.  ഫിനാൻസ് കമ്മിറ്റി മുഖാന്തരമാണ് ഈ കരാറിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയതെന്നും പാർക്കിനായി പല തവണ പരസ്യം നൽകി ലേലം നടത്തിയിരുന്നെന്നും മേയർ വ്യക്തമാക്കി.

സമഗ്ര അന്വേഷണം വേണം: പ്രേമചന്ദ്രൻ
ടി.കെ. ദിവാകരൻ സ്മാരക പാർക്കിൽ കഫറ്റേരിയ ആരംഭിക്കാൻ കരാർ നൽകിയ കോർപറേഷൻ അധികൃതരുടെ നടപടിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. കൊല്ലത്തിന്റെ വികസനോന്മുഖ പ്രക്രിയയിൽ വലിയ സംഭാവന നൽകിയ ടി.കെ.ദിവാകരന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സ്ഥലത്താണ് പ്രതിദിനം 288 രൂപ വാടകയ്ക്ക് ഹോട്ടൽ വ്യാപാരം നടത്താൻ കോർപറേഷൻ കരാർ നൽകിയത്.

പാർക്കിന്റെ പരിപാലന ചുമതല നിർവഹിക്കുന്നതിനു പകരം പാർക്കും സ്മാരകവും പാട്ടത്തിനു കൊടുത്ത് പണം ഉണ്ടാക്കാൻ നടത്തുന്ന ശ്രമത്തിനു പിന്നിൽ കൊടിയ അഴിമതിയുണ്ട്. സിപിഎം സമ്മതത്തോടെയാണ് ഇത് ചെയ്തതെന്ന് കരുതുന്നില്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു. 

ആർഎസ്പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, യുടിയുസി സംസ്ഥാന സെക്രട്ടറി ടി.സി.വിജയൻ, ജില്ലാ സെക്രട്ടറി ടി.കെ.സുൽഫി, പ്രസിഡന്റ് ഇടവനശ്ശേരി സുരേന്ദ്രൻ, ആർ.സുനിൽ, റാം മോഹൻ, ബിജു ലക്ഷ്മികാന്തൻ, സദു പള്ളിത്തോട്ടം, ജെ.വേണുഗോപാൽ, തൃദീപ് കുമാർ, ശ്രീകുമാർ, സുരേഷ്, അമ്പിളി എന്നിവരും എംപിയോടൊപ്പം പാർക്ക് സന്ദർശിച്ചു.

English Summary:

T.K. Divakaran Park cafeteria construction sparks controversy. The contractor responsible for Nehru Park's renovation is accused of illegally attempting to build a cafeteria in T.K. Divakaran Park.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com