വിഷുവിനും സപ്ലൈകോ ജനങ്ങളെ പറ്റിച്ചു; ആഘോഷമേതായാലും നിരാശ ബാക്കി
Mail This Article
ചടയമംഗലം∙ വിഷുവിനും സപ്ലൈകോ ജനങ്ങളെ പറ്റിച്ചു. സിവിൽ സപ്ലൈസ് മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ വാങ്ങാൻ എത്തിയവർ നിരാശരായി മടങ്ങി. അരിയുൾപ്പെടെ സാധനങ്ങൾ ഇന്നലെയും വിൽപനയ്ക്ക് എത്തിയില്ല. സ്വകാര്യ കമ്പനികളുടെ ഏതാനും സാധനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. അരി, പച്ചരി, വെളിച്ചെണ്ണ, മുളക്, പഞ്ചസാര, ഉഴുന്ന് തുടങ്ങിയവ സപ്ലൈകോ മാർക്കറ്റുകളിൽ ഇല്ലായിരുന്നു. സാധനങ്ങൾ വിൽപനയ്ക്ക് ഇല്ലാതിരുന്നിട്ടും വിഷു പ്രമാണിച്ച്,
ഇന്നലെ ഞായർ ആയിരുന്നിട്ടും മാവേലി സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും തുറന്നിരുന്നു. രണ്ടു ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് ഇന്നലെ പ്രവർത്തിച്ചത്. സാധനങ്ങൾ എത്താത്തതിനാൽ പാക്കിങ് വിഭാഗത്തിലെ താൽക്കാലിക ജീവനക്കാർ ആരും എത്തിയില്ല.പെരുന്നാളിനും ഇതേ അവസ്ഥയായിരുന്നു. ഉത്സവങ്ങൾ നടക്കുന്ന സമയത്തു പോലും സപ്ലൈകോ മാവേലി സ്റ്റോറുകളും സൂപ്പർമാർക്കറ്റുകളും ജനങ്ങൾക്ക് ഉപയോഗപ്പെട്ടില്ല. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയോട് വരെ നേരിട്ടു പരാതി പറഞ്ഞിട്ടും സാധനങ്ങൾ എത്തുന്നില്ല എന്നതാണ് സ്ഥിതി.
പഴം പച്ചക്കറി പാൽ ഉൾപ്പെടെ വിൽക്കുമെന്നു പ്രഖ്യാപനം നടത്തിയാണ് പല സ്ഥലത്തും സൂപ്പർമാർക്കറ്റുകൾ ഹൈപ്പർ മാർക്കറ്റുകൾ ആക്കി ഉയർത്തിയത്. പക്ഷേ ഹൈപ്പർ മാർക്കറ്റുകളിൽ ഇതുവരെ പച്ചക്കറിയും പാലും പഴവും വിൽപന നടന്നിട്ടില്ല എന്നതാണ് അവസ്ഥ. വെളിച്ചെണ്ണ, പഞ്ചസാര, അരി എന്നിവയാണ് കൂടുതൽ ആളുകൾ വാങ്ങുന്നത്. അതുപോലും ഇല്ലെന്നതാണ് അവസ്ഥ. ഇതേസമയം ഇന്നലെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിച്ചു. വെളിച്ചെണ്ണ ഉൾപ്പെടെ 12 ഇനം സബ്സിഡി സാധനങ്ങൾ ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴി വിൽപന നടത്തി.