പൊൻകുന്നം പ്ലാച്ചേരി റീച്ച് നിർമാണം ഉടൻ

Mail This Article
പൊൻകുന്നം ∙ ലോക നിലവാരത്തിൽ നിർമിക്കുന്ന പുനലൂർ – പൊൻകുന്നം റോഡിലെ പൊൻകുന്നം പ്ലാച്ചേരി റീച്ചിന്റെ നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഭൂമി പൂജ നടത്തി. റോഡ് നിർമാണോദ്ഘാടനം 22ന് വൈകിട്ട് 4.30ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. ഇപിസി സംവിധാനത്തിൽ നിർമിക്കുന്ന റോഡിന്റെ സർവേ ജോലികൾ അവസാന ഘട്ടത്തിലാണ്.
∙ ചരിത്രം
2002ലാണ് പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ തൊടുപുഴ മുതൽ മൂവാറ്റുപുഴ വരെയുള്ള ഭാഗം കെഎസ്ടിപി ഒന്ന് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ചത്. അടുത്ത റീച്ചായ പൊൻകുന്നം മുതൽ തൊടുപുഴ വരെയുള്ള 50.22 കിലോമീറ്റർ റോഡ് 2014ൽ കെഎസ്ടിപി ഏറ്റെടുത്തു. കെഎസ്ടിപി 2 പദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്ക് സഹായത്തോടെ 2 വർഷം മുൻപ് നിർമാണം പൂർത്തിയാക്കി. റോഡിനായി ആകെ 26.6518 ഹെക്ടർ ഭൂമി ഏറ്റെടുത്തു.
∙ ഇപിസി
82.173 കിമീ ദൈർഘ്യമുള്ള പൊൻകുന്നം – പുനലൂർ റോഡ് എൻജിനീയറിങ് പ്രൊക്യൂർമെന്റ് കൺസ്ട്രക്‌ഷൻ (ഇപിസി) സംവിധാനത്തിലൂടെ ആണ് നിർമിക്കുന്നത്. ഒരു പദ്ധതിയിൽ ഉൾപ്പെടുന്ന എല്ലാ ഡിസൈനിങ് ജോലികളും കരാറുകാരൻ തന്നെ ചെയ്യുന്നത് ആണ് ഇപിസി. 15 വർഷത്തേക്കു റോഡിന്റെ പരിപാലനം കരാറുകാരൻ സ്വന്തം ചെലവിൽ നടത്തണം.
ഓരോ വർഷവും കരാറുകാരനു ചെലവായ തുകയുടെ ഒരു ഭാഗം വീതം സർക്കാർ നൽകും. 15 വർഷം കൊണ്ട് തീർത്തു നൽകും. പദ്ധതിയിലെ പാലം, ബൈപാസുകൾ, കലുങ്ക് തുടങ്ങിയവ എല്ലാം കരാറുകാരൻ തന്നെ ഡിസൈൻ ചെയ്തു സ്വന്തം ചെലവിൽ നിർമിക്കണം. മറ്റു പദ്ധതികൾക്ക് ഉള്ളത് പോലെ 56% ബാങ്ക് വായ്പ ഇതിനും ലഭ്യമാണ്.
∙ പൊൻകുന്നം - പുനലൂർ
3 റീച്ച് ആയാണ് പൊൻകുന്നം - പുനലൂർ റോഡിന്റെ നവീകരണം. പുനലൂർ - കോന്നി 29.84 കിലോമീറ്റർ, കോന്നി പ്ലാച്ചേരി 30.16 കിലോമീറ്റർ, പ്ലാച്ചേരി പൊൻകുന്നം 22.173 കിലോമീറ്റർ പുനലൂർ, പത്തനാപുരം, കോന്നി, കുമ്പഴ, മൈലപ്ര, റാന്നി, പ്ലാച്ചേരി, മണിമല, ചെറുവള്ളി, പൊൻകുന്നം വഴിയാണ് റോഡിന്റെ അലൈൻമെന്റ്. പുനലൂർ-കോന്നി റീച്ച്-226.61 കോടി രൂപ, കോന്നി-പ്ലാച്ചേരി റീച്ച്-274.24 കോടി, കോടി രൂപ, പ്ലാച്ചേരി-പൊൻകുന്നം റീച്ച്- 236.79 കോടി കോടി രൂപ എന്നിങ്ങനെയാണ് പദ്ധതിയുടെ അടങ്കൽ തുക. പദ്ധതിയുടെ നിർമാണ കാലാവധി 2 വർഷമാണ്.