മരണക്കെണിയൊരുക്കി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ

Mail This Article
പാലാ ∙ മുറിച്ചുമാറ്റിയ മരങ്ങളുടെ ശിഖരങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതു കാൽനടക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ ഹൈവേ ജംക്‌ഷനിലാണ് ഒരു മാസമായി മരത്തിന്റെ ശിഖരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.റോഡ് വശങ്ങളിൽ നിന്ന തണൽ മരങ്ങളുടെ ശിഖരങ്ങൾ കെഎസ്ഇബി അധികൃതരാണു മുറിച്ചുമാറ്റിയത്.

മരം മുറിക്കുന്നതിനിടെ ശിഖരം വീണു ഹൈവേ ജംക്‌ഷനിൽ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രവും തകർന്നു. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരക്കമ്പുകൾ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. കാൽനടക്കാർ റോഡിലേക്ക് ഇറങ്ങിനടക്കേണ്ട സാഹചര്യമാണുള്ളത്.എന്നാൽ ഒരു മാസമായിട്ടും റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന ശിഖരങ്ങൾ നീക്കം ചെയ്യാനോ ബസ് കാത്തിരിപ്പു കേന്ദ്രം പുനർനിർമിക്കാനോ നടപടിയുണ്ടായിട്ടില്ല. അടിയന്തരമായി ഇവ നീക്കം ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.