ആർക്കും കയറിയിറങ്ങി പോകാം; ഇത് ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ

Mail This Article
ചങ്ങനാശേരി ∙ റെയിൽവേ ജീവനക്കാർക്കും ട്രെയിൻ യാത്രക്കാർക്കും ഭീഷണിയാകുന്ന ഒട്ടേറെ സുരക്ഷാ വീഴ്ചകളാണ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലുള്ളത്. സിസിടിവി ക്യാമറകളില്ല, പരിസരം പൂർണമായും മതിലുകൾ കെട്ടി സുരക്ഷിതമാക്കിയിട്ടില്ല തുടങ്ങിയ സുരക്ഷാ വീഴ്ചകൾ ഏറെയാണ്. സ്റ്റേഷൻ നവീകരണം അതിവേഗം പുരോഗമിക്കുകയാണെന്നും പൂർത്തിയാകുമ്പോൾ സുരക്ഷയും പൂർണമാകും എന്നാണ് റെയിൽവേയുടെ വിശദീകരണം.
അന്യർക്ക് ഈ വഴി പ്രവേശനം
വാഴൂർ റോഡിൽ നിന്നുള്ള ഗുഡ്ഷെഡ് റോഡിലൂടെ എത്തി ദിനം പ്രതി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നത് ഒട്ടേറെ യാത്രക്കാരാണ്. മതിലോ വേലിയോ കെട്ടാതെ റോഡിൽ നിന്നും തുറന്ന് കിടക്കുകയാണ് ഈ ഭാഗം. നിയമപരമായി ഈ വഴിയിലൂടെ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നത് റെയിൽവേ വിലക്കിയിട്ടുണ്ടെങ്കിലും മിക്കവരും ഈ വഴിയാണ് കടന്നുവരുന്നത്. പലരും ഫോണിൽ നോക്കിയും ഹെഡ്ഫോൺ ഉപയോഗിച്ചും അശ്രദ്ധമായി ട്രാക്ക് മുറിച്ചു കടക്കുന്നു.
സാമൂഹിക വിരുദ്ധരുടെ പ്രധാന താവളം കൂടിയാണ് ഗുഡ്ഷെഡ് റോഡ് പരിസരം. ഇതര സംസ്ഥാനക്കാരും സാമൂഹിക വിരുദ്ധരുമുൾപ്പടെയുള്ളവർ ആർപിഎഫിന്റെ കണ്ണിൽപ്പെടാതെ ട്രെയിനിലേക്ക് ഓടിക്കയറാനും ഇത് വഴിയെത്തും. മദ്യപിച്ചും ലഹരി ഉപയോഗിച്ചും ഓടിത്തുടങ്ങുന്ന ട്രെയിനിലേക്ക് പലരും ചാടിക്കയറും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ രണ്ടാം കവാടം നിർമിച്ച് സുരക്ഷ ഉറപ്പാക്കുമെന്നാണ് അധികൃതർ പറയുന്നത്.
സിസിടിവി പണി നടക്കുകയാണ്.
റെയിൽവേ സ്റ്റേഷൻ പരിസരം സിസിടിവി ഇല്ലാത്തതു പ്രധാന വീഴ്ചയാണ്. പ്ലാറ്റ്ഫോമുകളിലും ക്യാമറകളില്ല. ആരൊക്കെ ട്രെയിനുകളിൽ വന്നിറങ്ങുന്നു എന്ന വിവരമോ ദൃശ്യങ്ങളോ അധികൃതർക്ക് ശേഖരിക്കാൻ കഴിയുന്നില്ല. യാത്രക്കാർക്ക് മാത്രമല്ല റെയിൽവേ ജീവനക്കാർക്ക് പോലും സ്റ്റേഷനുള്ളിൽ ആക്രമണം നേരിടുന്ന കാലത്ത് സിസിടിവി ക്യാമറ പ്രവർത്തനം ആരംഭിക്കാത്തത് ഗുരുതരമായ പിഴവാണ്. ആക്രമണം നടത്തുന്നവരെ പിന്തുടരാൻ സാധിക്കാതെ വരുകയും ചെയ്യും. നിലവിൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിന്റെ (ആർപിഎഫ്) 6 സുരക്ഷാ ജീവനക്കാർ മാത്രമാണ് സ്റ്റേഷനിലുള്ളത്. മതിയായ ജീവനക്കാരില്ലാത്തതും വെല്ലുവിളിയാണ്.